India
Shouting Jai Shri Ram inside mosque doesnt hurt religious feelings: Karnataka High Court
India

''പള്ളിക്കകത്ത് 'ജയ് ശ്രീറാം' വിളിച്ചാല്‍ മതവികാരം വ്രണപ്പെടില്ല''; പ്രതികളെ വെറുതെവിട്ട് കർണാടക ഹൈക്കോടതി

Web Desk
|
16 Oct 2024 3:45 AM GMT

കഴിഞ്ഞ വർഷം സെപ്റ്റംബർ 24നു രാത്രി 11ഓടെയാണ് ദക്ഷിണ കന്നഡയിലെ ഒരു പള്ളിയിൽ രണ്ടുപേർ അതിക്രമിച്ചു കയറി 'ജയ് ശ്രീറാം' വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

ബെംഗളൂരു: പള്ളിയിൽ 'ജയ് ശ്രീറാം' വിളിച്ച കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ വെറുതെവിട്ട് കർണാടക ഹൈക്കോടതി. നടപടി ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നു നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. കീർത്തൻ കുമാർ, സച്ചിൻ കുമാർ എന്നിവരെയാണു കോടതി വെറുതെവിട്ടത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 24നാണ് ദക്ഷിണ കന്നഡയിലെ ഒരു പള്ളിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 10.50ഓടെ പള്ളിയിൽ അതിക്രമിച്ചു കയറിയ കീർത്തനും സച്ചിനും 'ജയ് ശ്രീറാം' വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നാട്ടുകാർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും പ്രതികൾ അറസ്റ്റിലാകുകയും ചെയ്തു. ഐപിസി 295 എ(മതവികാരം വ്രണപ്പെടുത്തൽ), 447(അതിക്രമിച്ചുകയറൽ), 506(ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

എന്നാൽ, കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളി പൊതുസ്ഥലമായതിനാൽ അതിക്രമിച്ചു കയറൽ എന്ന കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ഇവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇതോടൊപ്പം, 'ജയ് ശ്രീറാം' വിളിക്കുന്നത് 295എ പ്രകാരം കേസെടുക്കാവുന്ന ഒരു കുറ്റമല്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.

ഈ വാദങ്ങൾ ശരിവച്ചാണിപ്പോൾ പ്രതികളെ കർണാടക ഹൈക്കോടതി വെറുതെവിട്ടത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് കേസ് പരിഗണിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം ബോധപൂർവം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വകുപ്പാണ് 295എ എന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരാൾ 'ജയ് ശ്രീറാം' എന്നു വിളിച്ചാൽ എങ്ങനെയാണ് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുക എന്നു മനസിലാകുന്നില്ല. പ്രദേശത്ത് ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാർദത്തോടെയാണു കഴിഞ്ഞുപോകുന്നതെന്നു പരാതിക്കാരൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഇത് ഒരു ശത്രുതയുമുണ്ടാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ, പ്രതികളെ വെറുതെവിടുന്നതിനെ സർക്കാർ എതിർത്തു. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ സൗമ്യ ആർ പറഞ്ഞു. എന്നാൽ, നിലവിലെ കേസ് ഒരു തരത്തിലും ക്രമസമാധാനനിലയെ ബാധിക്കില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ആരോപിക്കപ്പെടുന്ന കുറ്റങ്ങളൊന്നും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ തുടരന്വേഷണത്തിന് അനുമതി നൽകുന്നത് നിയമത്തിന്റെ ദുരുപയോഗമായിരിക്കുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.

Summary: Shouting 'Jai Shri Ram' inside mosque doesn't hurt religious feelings: Karnataka High Court

Similar Posts