ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീറാം' മുഴക്കി; 'വന്ദേ ഭാരത്' ഉദ്ഘാടന വേദി ബഹിഷ്ക്കരിച്ച് മമത
|പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു നാടകീയ സംഭവം
കൊൽക്കത്ത: ബംഗാളിലെ വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിൽ കല്ലുകടിയായി മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിഷേധം. ഹൗറ-ന്യൂ ജൽപായ്ഗുരി യാത്രയുടെ ഉദ്ഘാടന പരിപാടിക്കിടെയാണ് വേദിയിൽ കയറാൻ മമത വിസമ്മതിച്ചത്. പരിപാടിക്കെത്തുമ്പോൾ 'ജയ് ശ്രീറാം' മുഴക്കിയതാണ് മമതയെ ചൊടിപ്പിച്ചത്.
ഇന്നു രാവിലെ ഹൗറ റെയിൽവേ സ്റ്റേഷനിലായിരുന്നു ബംഗാളിലെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന്റെ ഉദ്ഘാടനം. പരിപാടിക്കായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് എന്നിവരടങ്ങുന്ന പ്രമുഖർ എത്തിയിരുന്നു. എന്നാൽ, പരിപാടിക്കായി മമത എത്തുമ്പോഴായിരുന്നു ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീറാം' മുഴക്കിയത്.
ഇതോടെ ക്ഷോഭിച്ച മമത വേദിയിൽ കയറാൻ കൂട്ടാക്കിയില്ല. ഇതിനിടെ, കേന്ദ്ര മന്ത്രി പ്രവർത്തകരെ നിയന്ത്രിച്ചെങ്കിലും മമത വഴങ്ങിയില്ല. പലവട്ടം മന്ത്രിയും ഗവർണറും വേദിയിൽ കയറണമെന്ന് അപേക്ഷിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. വേദിക്കു പുറത്തുള്ള സീറ്റിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു.
ഒടുവിൽ സംഘാടകർ നിർബന്ധിതരായി ഉദ്ഘാടന പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. അമ്മ ഹീരബെന്നിന്റെ മരണത്തെ തുടർന്ന് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിർച്വലായി വന്ദേ ഭാരത് യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സംസാരിക്കാനായി മമത ബാനർജിയെ ക്ഷണിച്ചപ്പോഴും അവർ വേദിയിലെത്തിയില്ല.
പിന്നീട് ഗവർണർ ആനന്ദ ബോസ് അനുനയിപ്പിച്ചാണ് മമത പ്രസംഗിക്കാൻ കൂട്ടാക്കിയത്. വേദിയിൽ കയറാതെയായിരുന്നു പ്രസംഗം. ചടങ്ങിൽ മോദിയുടെ അമ്മയുടെ നിര്യാണത്തിൽ അവർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
Summary: Irked by 'Jai Shri Ram' slogans by BJP supporters, Mamata Banerjee refuses to go on stage during Vande Bharat inauguration in West Bengal