ജയിലിലുള്ള കാംപസ് ഫ്രണ്ട് നേതാവ് റഊഫ് ശരീഫിന് എം.എ പരീക്ഷ എഴുതാന്‍ കോടതി അനുമതി
|റഊഫിന് പരീക്ഷയെഴുതാനുള്ള സൗകര്യങ്ങള്‍ നല്കാന് കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
അലഹബാദ്: കാംപസ് ഫ്രണ്ട് നേതാവ് റഊഫ് ശരീഫിന് എം.എ പരീക്ഷ എഴുതാൻ അലഹബാദ് ഹൈക്കോടതി അനുമതി. ഇഗ്നൊ നടത്തുന്ന എം.എ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷ എഴുതാനാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് അനുമതി നല്‍കിയത്. ഹാഥ്റസ് യുഎപിഎ കേസിൽ കഴിഞ്ഞ 21 മാസമായി ലഖ്നൗ ജയിലില്‍ കഴിയുന്ന റഊഫ് ഇതിനകത്തു വച്ചാണ് എം.എക്ക് പഠിച്ചത്.
പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റഊഫ് പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. റഊഫിന് പരീക്ഷയെഴുതാനുള്ള സൗകര്യങ്ങള്‍ നല്കാന് കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ലഖ്നൗ മോഡല്‍ ജയിലില്‍ സൗകര്യമൊരുക്കാനാണ് കോടതി നിര്‍ദേശം. ആഗസ്റ്റ് 24നാണ് പരീക്ഷ തുടങ്ങുക.
ജയില്‍ മാന്വല്‍ പ്രകാരം പരീക്ഷയെഴുതാന്‍ അനുമതിയില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് റഊഫിന്റെ അഭിഭാഷകന് വ്യക്തമാക്കി. 2020 ഡിസംബര്‍ 12നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കള്ളപ്പണ ഇടപാട് ആരോപിച്ച് റഊഫിനെ ഇഡി കസ്റ്റഡിയില്‍ എടുത്തത്.
2.31 കോടി രൂപ അക്കൗണ്ടില്‍ വന്നു എന്നായിരുന്നു ഇ.ഡി വാദം. ഈ കേസില്‍ കോടതി ജാമ്യം നല്‍കിയെങ്കിലും ഹാഥ്റസ് കേസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന് പണം നല്‍കിയെന്ന മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെ ചുമത്തി.