സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി മരവിപ്പിച്ച് തമിഴ്നാട് ഗവർണർ; മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സ്റ്റാലിൻ
|മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്ലാതെ ഗവര്‍ണര്‍ നേരിട്ട് മന്ത്രിയെ പുറത്താക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്
ചെന്നൈ: തമിഴ്നാട്ടില്‍ അസാധാരണ നീക്കത്തിലൂടെ ഡി.എം.കെ മന്ത്രി വി. സെന്തിൽ ബാലാജിയെ പുറത്താക്കിയ ഗവർണർ ആർ.എൻ രവി തന്‍റെ തീരുമാനത്തിൽ നിന്ന് നാടകീയമായി പിന്മാറി. ഗവർണറുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് നടപടി മരവിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്ലാതെ ഗവര്‍ണര്‍ നേരിട്ട് മന്ത്രിയെ പുറത്താക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്.
മന്ത്രിമാരെ നേരിട്ട് നിയമിക്കാനും പുറത്താക്കാനും ഗവര്‍ണര്‍ക്ക് ഭരണഘടന പ്രകാരം അധികാരമില്ലാതിരിക്കെ ഗവർണറുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയർന്നത്. ഗവർണറുടെ നിയമവിരുദ്ധ നടപടി നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രതികരിച്ചതിനു പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചത്. ഗവർണർ ഇക്കാര്യം മുഖ്യമന്ത്രി സ്‌റ്റാലിനെ കത്ത് മാർഗം അറിയിച്ചു. അറ്റോർണി ജനറലിനോട് നിയമോപദേശം തേടിയ ശേഷമാവും തുടർനടപടിയെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഏഴുവര്‍ഷം മുമ്പ് ജയലളിതയുടെ എ.ഐ.എഡി.എം.കെ സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന കേസില്‍ ഈ മാസം 14ന് ഇഡി അറസ്റ്റ് ചെയ്ത ബാലാജി നിലവില്‍ ആശുപത്രിവാസത്തിലാണെങ്കിലും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബാലാജി മന്ത്രിയായി തുടർന്നാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പുറത്താക്കിയതെന്നുമായിരുന്നു രാജ്ഭവന്‍റെ വിശദീകരണം.
ഇതിന്‍റെ നിയമ, ഭരണഘടനാ സാധുത ചോദ്യംചെയ്യപ്പെട്ടതോടെയാണ് നിയമോപദേശം തേടാൻ ഗവർണർ തീരുമാനിച്ചത്. ഇതോടെ ബാലാജിയെ വകുപ്പില്ലാമന്ത്രിയായി തുടരും. സർക്കാരിന്‍റെ സമ്മർദത്തിനോട് ഗവർണർക്ക് വഴങ്ങേണ്ടി വന്നതോടെ തമിഴ്നാട്ടിലെ സർക്കാർ ഗവർണർ പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.