India
പത്മഭൂഷൺ നിരസിച്ച ബുദ്ധദേബ് ആസാദാകാൻ തീരുമാനിച്ചു ഗുലാം ആകാനല്ല: ജയ്‌റാം രമേഷ്
India

പത്മഭൂഷൺ നിരസിച്ച ബുദ്ധദേബ് 'ആസാദാ'കാൻ തീരുമാനിച്ചു 'ഗുലാം' ആകാനല്ല: ജയ്‌റാം രമേഷ്

Web Desk
|
25 Jan 2022 7:09 PM GMT

ബുദ്ധദേബിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടി സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പേരിലെ വാക്കുകൾ ചേർത്തുള്ള ജയ്‌റാം രമേഷിന്റെ ട്വീറ്റ്

പത്മഭൂഷൺ നിരസിച്ച മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ 'ആസാദ്'( സ്വതന്ത്രൻ) ആകാൻ തീരുമാനിച്ചുവെന്നും അതു ഉചിത തീരുമാനമായെന്നും 'ഗുലാം' (അടിമ) ആകാനല്ല അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ്. ബുദ്ധദേബിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടി സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പേരിലെ വാക്കുകൾ ചേർത്തുള്ള ജയ്‌റാം രമേഷിന്റെ ട്വീറ്റ്. കോൺഗ്രസ് നേതൃത്വത്തിൽ സമൂല മാറ്റം വരണമെന്ന് വാദിക്കുന്നയാളാണ് ഗുലാം നബി ആസാദ്. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹങ്ങൾക്ക് '24 കാരറ്റ് കോൺഗ്രസുകാരൻ' എന്ന് പറഞ്ഞാണ് അദ്ദേഹം മറുപടി നൽകിയത്.

പത്മഭൂഷൺ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ബുദ്ധദേബ് ഭട്ടാചാര്യയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. ഭട്ടാചാര്യ ഇപ്പോൾ രോഗബാധിതനായി കിടപ്പിലാണ്. പുരസ്‌കാരം അദ്ദേഹം സ്വീകരിക്കില്ലെന്ന് രാജ്യസഭാ എംപിയും സി.പി.എം നേതാവുമായ ബികാസ് ഭട്ടാചാര്യ പറഞ്ഞു. ഇക്കാര്യം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്ഥിരീകരിച്ചു- 'പത്മഭൂഷൺ പുരസ്‌കാരത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. പുരസ്‌കാരത്തിന്റെ കാര്യം എന്നെ അറിയിച്ചിട്ടില്ല. എനിക്ക് പത്മഭൂഷൺ നൽകുകയാണെങ്കിൽ അതു സ്വീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു'- എന്ന് ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞെന്നാണ് സീതാറാം യെച്ചൂരിയുടെ ട്വീറ്റ്.

മോദി സർക്കാരിനെ എന്നും കടുത്ത ഭാഷയിൽ വിമർശിക്കുന്ന ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് നൽകിയ പുരസ്‌കാരം സി.പി.എം നേതാക്കളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. 2000ലാണ് ബുദ്ധദേബ് ഭട്ടാചാര്യ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായത്. 1977ൽ ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻസ് വകുപ്പ് മന്ത്രിയായും 1987ൽ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ അഫിലേഷ്യൻസ് മന്ത്രിയായും 1996ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചു.

Congress leader Jairam Ramesh has said that former Bengal Chief Minister Buddhadeb Bhattacharya, who rejected Padma Bhushan, had decided to become an 'Azad' (independent) and that it was the right decision and not his desire to become a 'slave'.

Similar Posts