'ഒരാള്‍ നഗ്നപാദനായി ജോഡോ യാത്രയില്‍, മറ്റേയാള്‍ കടമ മറന്നു': ഇത് രണ്ടു മുഖ്യമന്ത്രിമാരുടെ രണ്ടു ആൺമക്കളുടെ കഥയെന്ന് ജയറാം രമേശ്
|'ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്രയില്‍ നഗ്നപാദനായി അക്ഷീണം നടക്കുന്നു. മറ്റെയാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള കടമകള്‍ മറന്നു'
ഡല്‍ഹി: അനില്‍ കെ ആന്‍റണിയെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മനെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ബിബിസി ഡോക്യുമെന്‍ററിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസിലെ പദവികള്‍ അനില്‍ കെ ആന്‍റണി രാജിവെച്ചതിന് പിന്നാലെയാണ് ജയറാം രമേശിന്‍റെ ട്വീറ്റ്. ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ എന്നു പറഞ്ഞാണ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ ആന്‍റണിയെയും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെയും ജയറാം രമേശ് പരോക്ഷമായി പരാമര്‍ശിച്ചത്.
"ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആൺമക്കളുടെ കഥ. ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്രയില്‍ നഗ്നപാദനായി അക്ഷീണം നടക്കുന്നു. മറ്റെയാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള കടമകള്‍ മറന്നു"- എന്നാണ് പേരുപറയാതെ ജയറാം രമേശ് ട്വീറ്റ് ചെയ്തത്.
ഗുജറാത്ത് കലാപ കാലത്തെ നരേന്ദ്ര മോദിയുടെ നിലപാടുകൾ ചോദ്യംചെയ്ത ബിബിസി ഡോക്യുമെന്ററിയെ അനില്‍ ആന്‍റണി ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരെയുള്ള കടന്നാക്രമണമാണ് ബിബിസി ഡോക്യുമെന്‍ററിയെന്നാണ് അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തത്. രാജ്യതാത്പര്യമാണ് പാർട്ടി താത്പര്യത്തേക്കാൾ വലുതെന്ന് അദ്ദേഹം മീഡിയവൺ സ്പെഷ്യൽ എഡിഷനിൽ പറഞ്ഞു.
ബിബിസി ഡോക്യുമെന്‍ററിക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസിനുള്ളിൽ നിന്നുണ്ടായ കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് അനിൽ ആന്‍റണി പദവി ഒഴിഞ്ഞത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ, സാമൂഹ്യ മാധ്യമങ്ങളുടെയും ഡിജിറ്റൽ മീഡിയയുടെയും ദേശീയ കോ ഓർഡിനേറ്റർ പദവി എന്നിവയാണ് ഒഴിഞ്ഞത്. ബിബിസിയുടെ വിശ്വാസ്യത ചോദ്യംചെയ്ത് ട്വീറ്റ് ചെയ്ത് 9 മണിക്കൂറിനുള്ളിലാണ് ട്വിറ്ററിലൂടെ തന്നെ രാജിപ്രഖ്യാപനവും പുറംലോകത്തെ അറിയിച്ചത്. കെ.പി.സി.സിയ്ക്കും ശശി തരൂരിനും നന്ദി പറഞ്ഞു ആരംഭിക്കുന്ന രാജിക്കത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന ആക്രമണങ്ങളെയും വിമർശിച്ചു. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അനിൽ കെ ആന്റണി പറഞ്ഞു.
തന്നെ വിമര്‍ശിക്കുന്നവരുടെ ഭാഷ ഉയർത്തിക്കാട്ടി കോൺഗ്രസിന്‍റെ നിലവാരത്തകർച്ചയെ പറ്റിയും അനിൽ പരിതപിച്ചു. ഭാരത് ജോഡോ യാത്രയെക്കുറിച്ചു പോസ്റ്റ് ഇടാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഫേസ്ബുക്കിൽ താൻ കുറച്ചു നാളായി സജീവമല്ലെന്നായിരുന്നു മറുപടി. നശീകരണത്തിന്‍റെ ആഖ്യാനങ്ങൾ രാജ്യത്തിനു ദോഷമാണെന്നും നിഷേധാത്മകമായ പ്രവർത്തനങ്ങളെ കാലം ചവറ്റുകുട്ടയിൽ തള്ളുമെന്നും പറഞ്ഞാണ് രാജിക്കത്ത് അവസാനിപ്പിച്ചത്.