'20 വർഷം മുമ്പും സമാന സാഹചര്യം കോൺഗ്രസ് നേരിട്ടിട്ടുണ്ട്'; ആത്മവിശ്വാസം ഒട്ടും ചോർന്നിട്ടില്ലെന്ന് ജയറാം രമേശ്
|"തികഞ്ഞ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നോക്കിക്കാണുന്നത്, ഭാരതം ഒന്നിക്കും ഇൻഡ്യ ജയിക്കുകയും ചെയ്യും"
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലുമേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് നോക്കിക്കാണുന്നതെന്നും 20 വർഷം മുമ്പ് സമാനസാഹചര്യം കോൺഗ്രസ് നേരിട്ടിട്ടുണ്ടെന്നും ജയ്‌റാം രമേശ് ട്വിറ്ററിൽ കുറിച്ചു.
"കൃത്യം 20 വർഷം മുമ്പും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോൺഗ്രസ് പരാജയം നേരിട്ടിരുന്നു. ഡൽഹി മാത്രമായിരുന്നു അന്ന് കോൺഗ്രസിന് നേടാനായത്. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ കോൺഗ്രസ് തിരിച്ചു വന്നു. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായി ഉയർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു.
തികഞ്ഞ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നോക്കിക്കാണുന്നത്. ഭാരതം ഒന്നിക്കും ഇൻഡ്യ ജയിക്കുകയും ചെയ്യും". അദ്ദേഹം കുറിച്ചു.
ഇൻഡ്യ മുന്നണിയിലെ കോൺഗ്രസിന്റെ നായക സ്ഥാനത്തിന് പരിക്കേൽക്കുന്നതാണ് മൂന്നു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തോൽവി. ഘടക കക്ഷികൾക്ക് സീറ്റു നൽകാതിരുന്ന കോൺഗ്രസിന്റെ പിടിവാശിയാണ് കനത്ത പരാജയത്തിന് വഴിവച്ചതെന്ന ആക്ഷേപവും ശക്തമാണ്.
കോൺഗ്രസിനെ അംഗീകരിക്കാൻ മടിച്ചിരുന്ന തൃണമൂൽ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും മനസ് മാറ്റിയത് കർണാടകത്തിലെ തിളക്കമാർന്ന വിജയമായിരുന്നു . രാജ്യത്തെവിടെയും ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടി തോല്പിക്കാവുന്ന ഏക പ്രതിപക്ഷ പാർട്ടി എന്ന ലേബൽ കൂടിയായപ്പോഴാണ് മുന്നണിയുടെ നെടുനായകത്വം കോൺഗ്രസിന്റെ കൈകളിൽ എത്തി ചേർന്നത് .
ഇൻഡ്യ മുന്നണി മുന്നോട്ട് പോകണമെങ്കിൽ കരുത്തുള്ള സ്ഥലങ്ങളിൽ ഘടക കക്ഷികളെ അവഗണിക്കുന്ന കോൺഗ്രസിന്റെ രീതിയിൽ കാതലായ മാറ്റം വരുത്തേണ്ടിവരും. മധ്യപ്രദേശിൽ സമാജ്വാദി പാർട്ടിയ്ക്ക് നാല് സീറ്റ് പോലും നൽകാൻ കോൺഗ്രസ് തയാറായില്ല എന്ന് മാത്രമല്ല എസ് പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിനെ കമൽനാഥ് അപമാനിക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരുമ്പോൾ ഉത്തർപ്രദേശിൽ മറുപടി നൽകാമെന്നാണ് അന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നത് . രാജസ്ഥാനിലും തെലങ്കാനയിലും സിപിഎമ്മുമായി സീറ്റ് വിഭജനത്തിനും കോൺഗ്രസ് തയ്യാറായിരുന്നില്ല.രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാനാവില്ല എന്നു പാർട്ടികൾ പറയുമോ എന്ന ആശങ്കയും കോൺഗ്രസിനെ വേട്ടയാടുന്നുണ്ട്.
ബിജെപി ഉയർത്തുന്ന ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാവില്ല എന്ന് കോൺഗ്രസ് മനസിലാക്കണമെന്നു ഇൻഡ്യ മുന്നണി യോഗത്തിൽ കോൺഗ്രസിനോട് നേരിട്ട് പറയാൻ തയാറെടുക്കുകയാണ് മറ്റു പാർട്ടികൾ. ഇത്തരം വിമർശനം കൂടി ഉൾക്കൊണ്ട് മാത്രമേ ഇനി കോൺഗ്രസിന് മുന്നോട്ട് പോകാൻ കഴിയൂ. മുന്നണിയിലേക്ക് ബി എസ് പി, ബിജെഡി , വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ, ബിജെപിയോട് അകലം പാലിക്കുന്ന പാർട്ടികളെ കൂടി കൂട്ടികൊണ്ടുവരാൻ കോൺഗ്രസ് തന്നെ മുൻകൈ എടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും വേണ്ടി വരും