India
Jairam Ramesh against Nitish Kumar
India

നിറം മാറുന്നതിൽ നിതീഷ് കുമാർ ഓന്തുകൾക്ക് ഭീഷണി; കൊടുംചതിയനോട് ബിഹാർ ജനത പൊറുക്കില്ല: ജയറാം രമേശ്

Web Desk
|
28 Jan 2024 11:51 AM GMT

മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാർ എൻ.ഡി.എ സഖ്യവുമായി ചേർന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി: രാഷ്ട്രീയ നേട്ടത്തിനായി നിരന്തരം മുന്നണി മാറുന്ന നിതീഷ് കുമാർ നിറം മാറ്റത്തിൽ ഓന്തുകൾക്ക് വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്ന് വീണ്ടും മുഖ്യമന്ത്രിയാകാൻ നിതീഷ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് ജയറാം രമേശിന്റെ പ്രതികരണം.

''നിതീഷ് കുമാർ രാഷ്ട്രീയ പങ്കാളികളെ നിരന്തരം മാറ്റുകയാണ്. നിറം മാറ്റത്തിന്റെ കാര്യത്തിൽ അദ്ദേഹം ഓന്തുകൾക്ക് പോലും വെല്ലുവിളിയാണ്. കൊടും ചതിയനായ അദ്ദേഹത്തെ ബിഹാർ ജനത മറക്കില്ല. അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളിയവരാണ് അവർ. ഭാരത് ജോഡോ ന്യായ് യാത്രയേയും അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തേയും പ്രധാനമന്ത്രിയും ബി.ജെ.പിയും ഭയപ്പെടുന്നു എന്നാണ് വ്യക്തമാവുന്നത്. അതിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമാണിത്''-ജയറാം രമേശ് എക്‌സിൽ കുറിച്ചു.

ഇന്ന് രാവിലെയാണ് മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. വൈകിട്ട് അഞ്ചിന് അദ്ദേഹം എൻ.ഡി.എ സഖ്യത്തിനൊപ്പം ചേർന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒമ്പതാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്.

Similar Posts