ജലജീവന്‍ മിഷന്‍; വാട്ടര്‍ അതോറിറ്റിയെ വെട്ടിലാക്കി സര്‍ക്കാര്‍ തീരുമാനം
|ഡയറക്ടർ ബോര്‍ഡ് അനുമതിയില്ലാതെയാണ് ജലവിഭവ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് ഇറക്കിയത്.
തിരുവനന്തപുരം: ജലജീവന്‍ മിഷന് വേണ്ടി സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ സ്വന്തം ഫണ്ട് ഉപയോഗിക്കണമെന്ന സർക്കാർ തീരുമാനം സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടം തിരിയുന്ന വാട്ടര്‍ അതോറിറ്റിയെ വെട്ടിലാക്കി. ഡയറക്ടർ ബോര്‍ഡ് അനുമതിയില്ലാതെയാണ് ജലവിഭവ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് ഇറക്കിയത്. ഫണ്ടെങ്ങനെ കണ്ടെത്തുമെന്നാണ് ജല അതോറിറ്റിയുടെ മുന്നിലെ ചോദ്യം.
എം.എല്‍.എ ഫണ്ട് അല്ലെങ്കില്‍ എഡിഎസ് ഫണ്ട് ഉപയോഗിച്ച് ജലജീവന്‍ മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമിയേറ്റെടുക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ ഫണ്ട് പാസ്സായി കിട്ടാന്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടി ഭൂമിയേറ്റെടുക്കാനുള്ള മുഴുവന്‍ ചെലവുകളും വാട്ടര്‍ അതോറിറ്റി വഹിക്കണമെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസ് നോട്ട് കൈമാറിയത്. ഫണ്ട് വരുന്ന മുറക്ക് ഇത് തിരികെ നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലടക്കം ഭൂമിയേറ്റെടുക്കാന്‍ ജല അതോറിറ്റി സ്വന്തം ഫണ്ട് മുടക്കി.
കെഎസ്ഇബിക്കുള്ള കുടിശ്ശികയായ 1554.93 കോടിയടക്കം 2865.17 കോടി രൂപയാണ് ജല അതോറിറ്റിയുടെ ബാധ്യത. ഇതിനിടയില്‍ ശമ്പളം കൊടുക്കുന്നതു പോലും ബുദ്ധിമുട്ടിയാണ്. എല്ലാ ജില്ലകളിലും ഭൂമിയേറ്റെടുക്കാന്‍ തനത് ഫണ്ട് ഉപയോഗിച്ചു തുടങ്ങിയാല്‍ ജല അതോറിറ്റിയുടെ അസ്ഥിവാരം തോണ്ടുന്ന അവസ്ഥയാകുമെന്നാണ് സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ പോലും ആശങ്ക പങ്കുവെക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം തന്നെ ജല ജീവന്‍ മിഷന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തിന്‍റെ അന്ത്യശാസനം ഉള്ളതിനാല്‍ വേറെ വഴിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം.