തറാവീഹ് നമസ്കാരത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം; സംഭവത്തെ വിമര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ്
|ക്യാമ്പസില്‍ പള്ളിയില്ലാത്തതുകൊണ്ട് അഡ്മിനിസ്ട്രേഷന്റെ അനുമദി പ്രകാരം ഹോസ്റ്റല്‍ മുറിയില്‍ തറവീഹ് നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം
ലക്നൗ: ഗുജറാത്ത് സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ മുസ്ലീം സംഘടനയായ ജമാഅത്തെ ഇസ്ലാമി ഹിന്ദ് വിമര്‍ശിച്ചു.
'ശനിയാഴ്ച രാത്രി ഗുജറാത്ത് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ തറവീഹ് നമസ്കാരം നടത്തിയ വിദേശ വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ച സംഭവത്തെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ശക്തമായി വിമര്‍ശിക്കുന്നു' ജെ.ഐ.എച്ച് വൈസ് പ്രസിഡന്റ് പ്രൊ. സലിം എഞ്ചിനീയര്‍ പറഞ്ഞു. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പൊലീസ് കൃത്യസമയത്ത് എത്താത്തതും കുറ്റവാളികളെ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ കയറി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുവദിച്ചതും ആശ്ചര്യപ്പെടുത്തുന്നു. പൊലീസിന്റെ നിഷ്ക്രിയത്വം അന്വേഷിക്കണം, ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. പൊലീസിന്റെ നിഷ്ക്രിയത്വം കാരണമാണ് സാമൂഹിക വിരുദ്ധര്‍ നിയമത്തെ ഭയപ്പെടാത്തതെന്നും'അദ്ദേഹം പറഞ്ഞു.
'നമ്മുടെ രാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും തത്വങ്ങള്‍ക്ക് എതിരാണ് ഗുജറാത്ത് സര്‍വകലാശാലയില്‍ നടന്ന സംഭവം. നിരപരാധികളായ വിദ്യാര്‍ത്ഥികളുടെ ജീവന് അപകടത്തിലാക്കുക മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ പേര് നശിപ്പിക്കുകയും ചെയ്യുകയാണ്. കുറ്റവാളികളെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രൊ. സലിം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പസില്‍ പള്ളിയില്ലാത്തതുകൊണ്ട് അഡ്മിനിസ്ട്രേഷന്റെ അനുമദി പ്രകാരം ഹോസ്റ്റല്‍ മുറിയില്‍ തറവീഹ് നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.