ടീസ്റ്റ സെത്തൽവാദിന്റെ അറസ്റ്റിനെ ജമാഅത്തെ ഇസ്‌ലാമി അപലപിച്ചു
|രാജ്യത്തെ ഏതാനും വ്യക്തികൾക്കും ചില രാഷ്ട്രീയ നേതാക്കളും ഇവരുടെ പ്രവർത്തനങ്ങൾ ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു എന്നതുകൊണ്ട് മാത്രം ടീസ്റ്റയെപ്പോലെ ഒരാളെ വേട്ടയാടുന്നത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെത്തൽവാദിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പൊലീസിന്റെ നടപടിയെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അപലപിച്ചു. അടിച്ചമർത്തപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നവരാണ് മനുഷ്യാവകാശ പ്രവർത്തകർ. 2002 ഗുജറാത്ത് കലാപത്തിന്റെ ഇരകളായ മുസ്‌ലിംകൾക്ക് നിയമസഹായം നൽകിയ സംഘടനയാണ് ടീസ്റ്റ നേതൃത്വം നൽകുന്ന സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്. ഇവരുടെ പ്രവർത്തനഫലമായി നിരവധിപേർക്ക് നഷ്ടപരിഹാരം ലഭിക്കുകയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്കും നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത് ടീസ്റ്റയുടെ പ്രവർത്തനഫലമായാണെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ വൈസ് പ്രസിഡന്റ് സലീം എഞ്ചിനീയർ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ ഏതാനും വ്യക്തികൾക്കും ചില രാഷ്ട്രീയ നേതാക്കളും ഇവരുടെ പ്രവർത്തനങ്ങൾ ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു എന്നതുകൊണ്ട് മാത്രം ടീസ്റ്റയെപ്പോലെ ഒരാളെ വേട്ടയാടുന്നത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. ഭാവിയിൽ ഇരകൾക്കൊപ്പം നിൽക്കാനുള്ള മനുഷ്യാവകാശ സംഘടനകളുടെയും വ്യക്തികളുടെയും ഇച്ഛാശക്തിയെ ഇത് ദുർബലപ്പെടുത്തും. ആക്ടിവിസ്റ്റുകൾ സർക്കാറിന്റെയും ഭരണത്തിന്റെയും എതിരാളികളോ ശത്രുക്കളോ അല്ല, മറിച്ച് അവരുടെ പ്രവർത്തനങ്ങൾ സർക്കാറിന് അനുബന്ധമായി ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.