India
ജാമിഅ മില്ലിയ സംഘർഷം; കസ്റ്റഡിയിലെടുത്ത എല്ലാ വിദ്യാർത്ഥികളെയും വിട്ടയച്ചു
India

ജാമിഅ മില്ലിയ സംഘർഷം; കസ്റ്റഡിയിലെടുത്ത എല്ലാ വിദ്യാർത്ഥികളെയും വിട്ടയച്ചു

Web Desk
|
26 Jan 2023 7:43 AM GMT

ആറു മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

ഡൽഹി: ജാമിഅ മില്ലിയ സർവകലാശാലയിൽ ബിബിസി ഡോക്യുമെന്‍ററി പ്രദർശനത്തിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്ത എല്ലാ വിദ്യാർത്ഥികളെയും വിട്ടയച്ചു. ആറു മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥികളെ കാണാൻ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞിരുന്നു.

കസ്റ്റഡിയിലെടുത്ത വിദ്യാർഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനാ നേതാക്കൾ ഫത്തേപൂർ ബെരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വിട്ടയച്ചിരുന്നില്ല. തുടർന്നാണ് അഭിഭാഷകർ എത്തിയത്. എന്നാൽ ഇവരെ സ്റ്റേഷന് അകത്തേക്ക് പൊലീസ് പ്രവേശിപ്പിച്ചില്ല. അഞ്ചു മണിക്കൂർ അഭിഭാഷകർ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറിയെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.

ജെഎൻയു സർവകലാശാലയ്ക്ക് പിന്നാലെയാണ് ജാമിഅ മില്ലിയ സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം പ്രദർശിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. എന്നാൽ സർവകലാശാല ഇത് വിലക്കി. വിലക്ക് മറികടന്നു പ്രദർശനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച വിദ്യാർഥികളിൽ 5 പേരെ പൊലീസ് ഇന്നലെ രാവിലെ കരുതൽതടങ്കലിലാക്കിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചു വൈകുന്നേരം നടത്തിയ പ്രകടനത്തിനിടെയാണ് കൂടുതൽ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത്.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി ലുബൈബ് ബഷീർ, എൻ.എസ്.യു ഐ നേതാവ് അബ്ദുൽ ഹമീദ്, എസ്.എഫ്‌.ഐ ജെ.എം.ഐ യൂണിറ്റ് സെക്രട്ടറി അസീസ് തുടങ്ങിയവരാണ് കസ്റ്റഡിയിലുള്ളത്. ക്യാമ്പസിലെ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കുകയും ചെയ്തതോടെ പ്രദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലും പഞ്ചാബ് യൂണിവേഴ്സിറ്റിയിലും ഡോക്യുമെന്‍ററി പ്രദർശനം നടത്തി.

Similar Posts