സഫൂറ സർഗാറിന്റെ എംഫിൽ പ്രവേശനം റദ്ദാക്കി
|'സാധാരണയായി ഒച്ചിന്റെ വേഗതയുള്ള ജാമിഅ അധികൃതര്‍ എന്റെ പ്രവേശനം റദ്ദാക്കാൻ എല്ലാ നടപടിക്രമങ്ങളും മറികടന്ന് വേഗതയില്‍ നീങ്ങുന്നു'
ആക്റ്റിവിസ്റ്റ് സഫൂറ സർഗാറിന്റെ എംഫിൽ പ്രവേശനം ജാമിഅ മില്ലിയ സർവകലാശാല റദ്ദാക്കി. ഗവേഷണം പൂർത്തിയാക്കാന്‍ സമയം നീട്ടി നൽകണമെന്ന ആവശ്യം നിരസിച്ചു. സോഷ്യോളജിയിൽ ഇന്റഗ്രേറ്റഡ് എം.ഫിൽ വിദ്യാർഥിയാണ് സഫൂറ. പൗരത്വ സമരത്തിന്റെ പേരിൽ മൂന്ന് മാസം ഗർഭിണിയായിരിക്കെ സഫൂറയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
2022 ഫെബ്രുവരിയിലാണ് സഫൂറയുടെ കോഴ്സിന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഇതിനിടെ കോവിഡ് മൂലം ഗവേഷണം പൂർത്തിയാക്കാനായില്ല. പെൺകുട്ടികൾക്ക് കോഴ്സ് കാലാവധി ഒരു വർഷം നീട്ടി നൽകാൻ യു.ജി.സി ചട്ടമുണ്ട്. ഇതുപ്രകാരം സമയം നീട്ടി നൽകാൻ അഭ്യർഥിച്ചെങ്കിലും ജാമിഅ സർവകാലശാല സോഷ്യോളജി ഡിപാർട്ട്മെന്റ് അനുമതി നൽകിയില്ല.
കോവിഡിനെ തുടർന്ന് യു.ജി.സിയും ജാമിഅ മില്ലിയ സർവകലാശാലയും ഗവേഷക വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയിരുന്നു. ഇതുപ്രകാരം സഫൂറ നേരത്തെ നൽകിയ അപേക്ഷ ഡിപാർട്ട്മെന്റ് നിഷേധിക്കുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പെൺകുട്ടികൾക്കായി യു.ജി.സി നൽകിയ ഇളവും നിഷേധിച്ച് പ്രവേശനം റദ്ദാക്കിയത്. നടപടിക്കെതിരെ വിവിധ വിദ്യാർഥി സംഘനകൾ ജാമിഅ മില്ലിയ കാമ്പസിൽ നേരത്തെ പ്രതിഷേധിക്കുകയുണ്ടായി.
"സാധാരണയായി ഒച്ചിന്റെ വേഗതയുള്ള ജാമിഅ അഡ്മിൻ എന്റെ പ്രവേശനം റദ്ദാക്കാൻ എല്ലാ നടപടിക്രമങ്ങളും മറികടന്ന് വേഗതയില്‍ നീങ്ങുന്നു. ഒരുകാര്യം പറയട്ടെ, അത് എന്റെ ഹൃദയത്തെ തകർക്കുന്നു, പക്ഷേ എന്റെ ആത്മാവിനെയല്ല"- സഫൂറ സര്‍ഗാര്‍ വ്യക്തമാക്കി.
"എന്നെപ്പോലുള്ള വിദ്യാർഥികൾ കാരണം സോഷ്യോളജി ഡിപ്പാർട്ട്മെന്റ് കരിമ്പട്ടികയിലാണെന്ന് അവർ എന്നോട് പറഞ്ഞു. അവർ എന്നെ ലഹളക്കാരി എന്ന് വിളിച്ചു. പക്ഷേ ഔദ്യോഗിക രേഖകളിലുള്ളത് ഞാന്‍ ഒരു പുരോഗതിയും കാണിച്ചില്ല എന്നാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിലാണ് എന്നെ മാറ്റിനിര്‍ത്തുന്നത്"- സഫൂറ സര്‍ഗാര്‍ പറഞ്ഞു.
പൌരത്വ സമരത്തിനിടെ യു.എ.പി.എ ചുമത്തി 2020 ഏപ്രിലിലാണ് സഫൂറയെ ജയിലിലടച്ചത്. അപ്പോള്‍ ഗര്‍ഭിണിയായിരുന്നു സഫൂറ. മനുഷ്യാവകാശ സംഘടനകള്‍ അറസ്റ്റിനെ അപലപിക്കുകയും സഫൂറയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് മാനുഷിക പരിഗണന നല്കി സഫൂറയെ ജാമ്യത്തില്‍ വിട്ടത്.