'എംഫില്‍ പൂർത്തിയാക്കാന്‍ അനുവദിക്കാതെ പുറത്താക്കല്‍ ഭീഷണി': സര്‍വകലാശാലക്കെതിരെ സഫൂറ സര്‍ഗാര്‍
|ഗർഭിണിയായിരിക്കെ, പൗരത്വ സമരത്തിന്റെ പേരിൽ സഫൂറയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
പൗരത്വ സമര നായിക സഫൂറ സർഗാറിന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ തടസ്സം സൃഷ്ടിച്ച് ജാമിഅ മില്ലിയ സർവകലാശാല. സോഷ്യോളജിയിൽ ഇന്റഗ്രേറ്റഡ് എം.ഫിൽ വിദ്യാർഥിയായ താന്‍, വിദ്യാഭ്യാസം പൂർത്തിയാക്കാനാകാതെ പിരിച്ചുവിടൽ ഭീഷണിയിലാണെന്ന് സഫൂറ പറഞ്ഞു. മൂന്ന് മാസം ഗർഭിണിയായിരിക്കെ പൗരത്വ സമരത്തിന്റെ പേരിൽ സഫൂറയെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2022 ഫെബ്രുവരിയിലാണ് സഫൂറയുടെ കോഴ്സിന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഇതിനിടെ കോവിഡ് മൂലം ഗവേഷണം പൂർത്തിയാക്കാനായില്ല. പെൺകുട്ടികൾക്ക് കോഴ്സ് കാലാവധി ഒരു വർഷം നീട്ടി നൽകാൻ യു.ജി.സി ചട്ടമുണ്ട്. ഇതുപ്രകാരം സമയം നീട്ടി നൽകാൻ അഭ്യർഥിച്ചെങ്കിലും ജാമിഅ സർവകാലശാല സോഷ്യോളജി ഡിപാർട്ട്മെന്റ് അനുമതി നൽകിയിട്ടില്ല.
കോവിഡിനെ തുടർന്ന് യു.ജി.സിയും ജാമിഅ മില്ലിയ സർവകലാശാലയും ഗവേഷക വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയിരുന്നു. ഇതുപ്രകാരം സഫൂറ നേരത്തെ നൽകിയ അപേക്ഷ ഡിപാർട്ട്മെന്റ് നിഷേധിക്കുകയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പെൺകുട്ടികൾക്കായി യു.ജി.സി നൽകിയ ഇളവും അധികൃതർ നിഷേധിക്കുന്നത്. നടപടിക്കെതിരെ വിവിധ വിദ്യാർഥി സംഘനകൾ ജാമിഅ മില്ലിയ കാമ്പസിൽ പ്രതിഷേധിച്ചു.