മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ആഹ്വാനം; സിഎഎ സമരക്കാരെ വെടിവച്ച യുവാവ് അറസ്റ്റിൽ
|2020 ജനുവരി 30ന് ജാമിഅ മില്ലിയ്യ സർവകലാശാലയിൽ പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാരെ വെടിവച്ചതിനെ തുടര്‍ന്ന് 'ഗോഡ്സെ രണ്ടാമന്‍' എന്നു വിളിക്കപ്പെട്ടിരുന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. പട്ടൗഡിയിലെ മഹാപഞ്ചായത്തിൽ മുസ്‍ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് നടപടി
ജാമിഅ സർവകലാശാലയിൽ പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാർക്കെതിരെ വെടിവച്ച യുവാവ് അറസ്റ്റിൽ. പട്ടൗഡിയിലെ മഹാപഞ്ചായത്തിൽ മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് നടപടി. മുസ്‍ലിംകളെ ആക്രമിക്കാനും മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനെതിരെ പരാതിയുയർന്നതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞയാഴ്ച ഹരിയാനയിലെ പട്ടൗഡിയിൽ നടന്ന മഹാപഞ്ചായത്തിലായിരുന്നു സിഎഎ സമരക്കാര്‍ക്കെതിരായ വെടിവയ്പ്പിന്‍റെ പേരില്‍ 'ഗോഡ്സെ രണ്ടാമന്‍' എന്നു വിളിക്കപ്പെട്ടിരുന്ന യുവാവിന്‍റെ വിവാദപ്രസംഗം. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, ഗ്രാമമുഖ്യന്മാർ, വിവിധ ഗോരക്ഷാ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. മതപരിവർത്തനം, ലൗ ജിഹാദ്, ജനസംഖ്യാ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. ചടങ്ങിൽ ബിജെപി ഹരിയാന സംസ്ഥാന ഘടകം വക്താവും കർണി സേനാ തലവനുമായ സുരാജ് പാൽ അമുവും മുസ്‍ലിം വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. നൂറോളം പൊലീസുകാരെ സാക്ഷിനിർത്തിയായിരുന്നു ഇത്.
BJP leader and Karni Sena president Suraj Pal Amu delivered anti Muslim hate speech at Hindu Mahapanchayat in Pataudi, Haryana.
— Azhar Khan (@I_am_azhar__) July 4, 2021
No FIR against him?
Via: @adabehindustan pic.twitter.com/03ovyJzUwr
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജാമിഅ വരെ പോയിട്ടുണ്ടെങ്കിൽ പട്ടൗഡി അത്ര അകലയല്ലെന്നായിരുന്നു പ്രസംഗത്തിൽ യുവാവിന്റെ മുന്നറിയിപ്പ്. മുസ്‍ലിംകളെ ആക്രമിച്ച് റാം റാം വിളിപ്പിക്കണമെന്നും പ്രസംഗത്തിൽ ആഹ്വാനമുണ്ടായിരുന്നു. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരങ്ങളെ വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. 2020 ജനുവരി 30നായിരുന്നു ജാമിഅ മില്ലിയ്യ സർവകലാശാലയിൽ സിഎഎ വിരുദ്ധ സമർക്കാർക്കെതിരെ അന്ന് 17 വയസുണ്ടായിരുന്ന ഇയാൾ വെടിയുതിർത്തത്. ഇതേതുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ഒരു മാസം ജുവനൈൽ തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു.
അതേസമയം, മഹാപഞ്ചായത്തിൽ മുസ്‍ലിം വിദ്വേഷ പ്രസംഗം നടത്തിയ സുരാജ് പാൽ അമുവിനെതിരെ ഇതുവരെ പൊലീസ് നടപടിയെടുത്തിട്ടില്ല. നിങ്ങൾക്ക് ഈ രാജ്യത്ത് ചരിത്രം സൃഷ്ടിക്കണമെങ്കിൽ, ചരിത്രമായിത്തീരണമെന്ന് കൊതിയില്ലെങ്കിൽ ഇനിയിവിടെ തൈമൂറോ ഔറംഗസേബോ ബാബറോ ഹൂമയൂണോ ജനിക്കരുതെന്നും മുസ്‍ലിംകളെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കരുതെന്നും പ്രസംഗത്തിൽ അമു ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, പ്രസംഗത്തിനെതിരെ പരാതി ലഭിക്കാത്തതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് പൊലീസ് വിശദീകരണം.