India
jammu kashmir election
India

ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രഖ്യാപനം ചേരിപ്പോരിന് ഇടയാക്കിയതിൽ ബി.ജെ.പിക്ക് ആശങ്ക

Web Desk
|
27 Aug 2024 1:19 AM GMT

സ്ഥാനാർഥി പട്ടികയിൽ പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങിയതോടെ അങ്കലാപ്പിലാണ് ജമ്മു കശ്മീരിലെ ബിജെപി.

ശ്രീനഗര്‍: ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക സമർപ്പിക്കനുള്ള അവസാന തിയതി ഇന്ന്.

ഇതിനിടെ സ്ഥാനാർഥി പ്രഖ്യാപനം ചേരിപ്പോരിന് ഇടയാക്കിയതിന്റെ ആശങ്കയിലാണ് ബി.ജെ.പി. അതേസമയം കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സീറ്റ് ധാരണയായി.

സ്ഥാനാർഥി പട്ടികയിൽ പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങിയതോടെ അങ്കലാപ്പിലാണ് ജമ്മു കശ്മീരിലെ ബിജെപി. 44 സീറ്റിലേക്ക് നടത്തിയ സ്ഥാനാർഥി പ്രഖ്യാപനം ഒരു മണിക്കൂറിനുള്ളിൽ ബി.ജെ.പി പിൻവലിച്ചു. ഒന്നാംഘട്ടം വോട്ടെടുപ്പ് അടുത്ത മാസം 18 നാണ്. ഇതിലേക്കുള്ള പത്രികാ സമർപ്പണത്തിനുള്ള അവസാന തിയതി ഇന്നായതിനാൽ 16 സ്ഥാനാർത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.

അതേസമയം കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടാണ് നാഷണല്‍ കോൺഫറൻസുമായുള്ള(എന്‍.സി) തർക്കം പരിഹരിച്ചത്. 51 സീറ്റിൽ എൻ.സി യും 32 സീറ്റിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണ. 5 സീറ്റിൽ സൗഹൃദ മത്സരത്തിന് കളമൊരുങ്ങി. ആശയ പൊരുത്തമുണ്ടെങ്കിൽ ഒരുമിച്ചു മത്സരിക്കാമെന്ന പി.ഡി.പിയുടെ വാഗ്ദാനം, എൻ സി -കോൺഗ്രസ് സഖ്യം പരിഗണിച്ചില്ല.

ഒരു ദശാബ്ദത്തിനിടെ ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. കേന്ദ്രം ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം 2019ല്‍ നടക്കേണ്ടിയിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 2014ലാണ് അവസാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഞങ്ങൾ ഒരുമിച്ച് പോരാടുകയാണെന്ന് എൻ.സി മേധാവിയും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. രാജ്യത്തെ വർഗീയവൽക്കരിക്കാനും വിഭജിക്കാനും തകർക്കാനും ആഗ്രഹിക്കുന്ന ശക്തികൾക്കെതിരെ പോരാടാനാണ് ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാംഘട്ടം ഒക്ടോബർ 1നും നടക്കും. ഒക്ടോബർ 4 നാണ് വോട്ടെണ്ണല്‍.

Similar Posts