India
ജി.ജനാര്‍ദനറെഡ്ഡി എംഎല്‍എയും പാര്‍ട്ടിയും ബിജെപിയില്‍ ചേര്‍ന്നു
India

ജി.ജനാര്‍ദനറെഡ്ഡി എംഎല്‍എയും പാര്‍ട്ടിയും ബിജെപിയില്‍ ചേര്‍ന്നു

Web Desk
|
25 March 2024 9:25 AM GMT

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു

ഡല്‍ഹി: കര്‍ണാടകയിലെ ഖനി വ്യവസായിയും കെ.ആര്‍.പി.പി(കല്യാണ രാജ്യ പ്രഗതി പക്ഷ) പാര്‍ട്ടി എംഎല്‍എയുമായ ജി.ജനാര്‍ദനറെഡ്ഡി വീണ്ടും ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതായി അദ്ദേഹം തന്നെ വ്യക്തമാക്കി.ഖനി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേസില്‍ കുടുങ്ങിയതോടെ ബിജെപിയുമായി അകന്ന റെഡ്ഡി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചത്. പിന്നാലെ വടക്കന്‍ കര്‍ണാടകത്തിലെ ഗംഗാവതി മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ജയിക്കുകയും ചെയ്തു.

ഭാര്യ അരുണ ലക്ഷ്മിക്കും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം ബംഗളൂരുവിലെ ബിജെപി ഓഫീസിലെത്തിയാണ് അദ്ദേഹവും പാര്‍ട്ടിയും ബിജെപിക്കൊപ്പം ചേര്‍ന്നത്. മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയും അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി പ്രസിഡന്റുമായ ബി.വൈ വിജയേന്ദ്രയും ഒപ്പമുണ്ടായിരുന്നു. ബെല്ലാരി മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ജനാര്‍ദനറെഡ്ഡി കോണ്‍ഗ്രസിനൊപ്പം പോയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് അപ്രതീക്ഷിതമായ നീക്കം. ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രമന്ത്രി അമിത് ഷാ തന്നെ വിളിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് പാര്‍ട്ടി ബിജെപിക്കൊപ്പം ചേരുന്നതെന്നും ജനാര്‍ദനറെഡ്ഡി പറഞ്ഞു. വിജയേന്ദ്രക്കു കീഴില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി താന്‍ പ്രവര്‍ത്തിക്കുമെന്നും ഒരു നിബന്ധനകളോടും പ്രതീക്ഷകളോടും കൂടിയല്ല വന്നതെന്നും പാര്‍ട്ടി എന്ത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എല്ലായിപ്പോഴും തന്റെ രക്തത്തിലുണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പാര്‍ട്ടി വിട്ട് പുറത്തുപോകേണ്ടിവന്നു. അമ്മയുടെ മടിത്തട്ടില്‍ തിരിച്ചെത്തിയ കുഞ്ഞിന്റെ അവസ്ഥയാണ് തനിക്കെന്നും ജനാര്‍ദനറെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts