വിജയമാഘോഷിക്കാൻ നീട്ടിയ ദേശീയ പതാക നിരസിച്ച് ജയ് ഷാ; സോഷ്യൽ മീഡിയ രണ്ടു തട്ടിൽ
|'എന്റെ കൂടെ പപ്പായുണ്ട്. ത്രിവർണക്കൊടി നിങ്ങളുടെ കയ്യിൽ വച്ചേക്കൂ...' എന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചത്
ഏഷ്യാകപ്പിൽ പാകിസ്താനെ തോൽപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയമാഘോഷിക്കുന്നതിനിടെ ദേശീയ പതാക നിരസിച്ച ബി.സി.സി.ഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായുടെ നടപടി വിവാദത്തിൽ. വാശിയേറിയ മത്സരത്തിൽ ഹർദിക് പാണ്ഡ്യ സിക്‌സറടിച്ച് ഇന്ത്യയെ ജയിപ്പിച്ചപ്പോഴാണ് സ്‌റ്റേഡിയത്തിൽ കൂടെയുണ്ടായിരുന്ന ഒരാൾ ജയ് ഷായ്ക്കു നേരെ പതാക നീട്ടിയത്. എന്നാൽ, പതാക വാങ്ങാൻ ജയ് ഷാ വിസമ്മതിച്ചു. ടി.വി ക്യാമറകളിൽ ഈ ദൃശ്യം പതിഞ്ഞതോടെയാണ് വിഷയം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
'എന്റെ കൂടെ പപ്പായുണ്ട്. ത്രിവർണക്കൊടി നിങ്ങളുടെ കയ്യിൽ വച്ചേക്കൂ...' എന്ന ട്വീറ്റുമായാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ജയ് ഷായുടെ നടപടിയോട് പ്രതികരിച്ചത്.
ജയ് ഷായെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഡെരക് ഒബ്രിയൻ രംഗത്തെത്തി.
'പ്രിയ അമിത് ഷാ, ഈ നടപടി താങ്കളെ പ്രകോപിപ്പിക്കുന്നുണ്ടോ എന്ന് ദയവായി രാഷ്ട്രത്തോട് പറയുക. ഈ നടപടി താങ്കളുടെ ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടോ? അതോ താങ്കളുടെ മകൻ ആയതുകൊണ്ടുമാത്രം ഈ നടപടി ക്ഷമിക്കപ്പെടുമോ? ഞങ്ങൾക്ക് ഒഴികഴിവുകൾ വേണ്ട. കൃത്യമായ ഉത്തരത്തിനായി കാത്തിരിക്കുന്നു. വിശ്വസ്തതയോടെ, കോപാകുലനായ ഒരു ഇന്ത്യക്കാരൻ...'
'എന്തുകൊണ്ടാണ് ജയ്ഷാ ത്രിവർണപതാക പിടിക്കാൻ വിസമ്മതിച്ചത്? എന്തുകൊണ്ടാണ് ഇന്ത്യൻ പതാകയോട് ഇത്ര പുച്ഛം?' - കോൺഗ്രസ് നേതാവ് ഗൗരവ് പന്ഥി ട്വീറ്റ് ചെയ്തു.
'ജയ് ഷാ തന്റെ ആർ.എസ്.എസുകാരായ മുൻഗാമികളിൽ നിന്ന് പ്രചോദമുൾക്കൊണ്ടതായി തോന്നുന്നു' എന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) സോഷ്യൽ മീഡിയ കൺവീനർ വൈ സതീഷ് റെഡ്ഡി പ്രതികരിച്ചു.
ജയ് ഷാ യഥാർത്ഥ സംഘിയാണെന്നും ദേശീയ പതാകയെ അപമാനിക്കുക എന്നത് ആർ.എസ്.എസ്സിന്റെ ജനിതകത്തിൽ ഉള്ളതാണെന്നും കോൺഗ്രസ് ദേശീയ സോഷ്യൽ മീഡിയ കോഡിനേറ്റർ വിനയ് കുമാർ ദൊകാനിയ ട്വീറ്റ് ചെയ്തു.
ഏഷ്യൻ ക്രിക്കറ്റ് കൌൺസിൽ പ്രസിഡണ്ട് എന്ന നിലയ്ക്കാണ് അമിത് ഷാ ഇന്ത്യ - പാക് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയതെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രതിനിധികൾക്കൊപ്പമായിരുന്നതു കൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ പതാക സ്വീകരിക്കാതിരുന്നതെന്നും എ.സി.സി പ്രസിഡണ്ട് ഏതെങ്കിലും രാജ്യത്തിന്റെ പതാക വീശുന്നത് പ്രൊട്ടോകോൾ ലംഘനമാണെന്നുമാണ് ജയ് ഷായുടെ നടപടിയെ ന്യായീകരിച്ച് വലതുപക്ഷ ഹാൻഡിലുകൾ ട്വീറ്റ് ചെയ്തത്. എന്നാൽ, മുമ്പ് പ്രൊട്ടോകോൾ പാലിച്ച് റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് ചെയ്യാതിരുന്ന മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കു നേരെ അസഭ്യവർഷം നടത്തിയവരാണ് ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ പോലും എന്ന് മാധ്യമപ്രവർത്തക സ്വാതി ചതുർവേദി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെയും ഇക്കാര്യം ട്വീറ്റ് ചെയ്തു.
അതേസമയം, പതാക വീശുന്ന ദേശീയതയിൽ അമിത് ഷായുടെ മകൻ ഏർപ്പെട്ടില്ല എന്നത് നല്ല കാര്യമാണെന്ന് സ്വീഡനിലെ ഉപ്പസാല യൂണിവേഴ്‌സിറ്റി പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ അശോക് സ്വെയിൻ പറഞ്ഞു.
'പതാക വീശുന്ന ദേശീയതയിൽ അമിത് ഷായുടെ മകൻ ജയ്ഷാ ഉൾപ്പെട്ടില്ല എന്നത് നല്ല കാര്യമാണ്. നല്ല പൗരനാവാൻ ദേശീയ പതാക വീശുകയോ തിയേറ്ററിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിൽക്കുകയോ വേണ്ടതില്ലെന്ന് അദ്ദേഹം സ്വന്തം പിതാവിനോട് പറയണം.' - അശോക് സ്വെയിൻ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് നടന്ന ഏഷ്യാകപ്പ് മത്സരത്തിൽ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ പാകിസ്താന്റെ ഇന്നിങ്സ് 147 ൽ അവസാനിപ്പിച്ചു. അവസാന ഓവറിലെ നാലാം പന്ത് സിക്സറിന് പറത്തി ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 25 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തുകയും പുറത്താകാതെ 17 പന്തിൽ 33 റൺസ് നേടുകയും ചെയ്ത ഹർദിക് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.