ഹിമാചലിൽ പിൻവാതിലിലൂടെ അധികാരം പിടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ജയറാം രമേശ്
|''2022ൽ ഹിമാചൽ മോദിയെ നിരസിച്ചതാണ്. കൂറുമാറിയ എം.എൽ.എ മാരോട് എ.ഐ.സി.സി നിരീക്ഷകർ സംസാരിക്കും''
ന്യൂഡല്‍ഹി: ഹിമാചലിൽ പിൻവാതിലിലൂടെ അധികാരം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2022ൽ ഹിമാചൽ മോദിയെ നിരസിച്ചതാണ്. കൂറുമാറിയ എം.എൽ.എ മാരോട് എ.ഐ.സി.സി നിരീക്ഷകർ സംസാരിക്കും. നിരീക്ഷകരുടെ റിപ്പോർട്ടിനനുസരിച്ച് എം.എൽ.എമാർക്കെതിരെ നടപടിയെടുക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
അതേസമയം രാജി വാര്‍ത്ത തള്ളി മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു രംഗത്ത് എത്തി. ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തിയതോടെ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീവ്രശ്രമങ്ങളാണ് നടത്തിവരുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിന് പിന്നാലെ പിസിസി അധ്യക്ഷന്‍ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിസിസി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.