India
ജസ്റ്റിസ് ആയിഷ മാലിക്; പാകിസ്താൻ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
India

ജസ്റ്റിസ് ആയിഷ മാലിക്; പാകിസ്താൻ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി

Web Desk
|
6 Jan 2022 3:40 PM GMT

സീനിയോറിറ്റി മറികടന്നാണ് ഇവരെ നിയമിക്കുന്നതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി പറഞ്ഞു.

പാകിസ്താൻ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് ആയിഷ മാലിക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇവർ ലാഹോർ ഹൈക്കോടതി ജഡ്ജിയാണ്. ഇവരുടെ നിയമനത്തിന് പാകിസ്താൻ ജുഡീഷ്യൽ കമ്മീഷൻ ഇന്നാണ് അംഗീകാരം നൽകിയത്. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാലിനെതിരെ അഞ്ച് വോട്ടുകൾക്കാണ് ആയിഷ മാലികിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചേർന്ന ജുഡീഷ്യൽ കമ്മീഷൻ യോഗം ആയിഷ മാലികിന്റെ നിയമനം തള്ളുകയായിരുന്നു. അതേസമയം സീനിയോറിറ്റി മറികടന്നാണ് ഇവരെ നിയമിക്കുന്നതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി പറഞ്ഞു.

രാഷ്ട്രീയനേതാക്കളും നിയമജ്ഞരും അപൂർവനേട്ടത്തിൽ ആയിഷ മാലികിനെ അഭിനന്ദിച്ച് രംഗത്തെത്തി. ആയിഷയുടെ സാന്നിധ്യം പരമോന്നത കോടതിയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അന്താരാഷ്ട്ര നിയമ കമ്മീഷന്റെ ഉപദേഷ്ടാവായ റീമ ഉമർ പറഞ്ഞു. കഴിഞ്ഞ 74 വർഷമായി സുപ്രീംകോടതിയിൽ ഒരു വനിതാ ജഡ്ജിയില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും അവർ പറഞ്ഞു.


Similar Posts