'ഞാന്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്നു': രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ജെ.ഡി.എസ് എം.എല്‍.എ
|കര്‍ണാടകയില്‍ നാലു രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്
ബെംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത് ജനതാദള്‍ സെക്യുലര്‍ എം.എൽ.എ ശ്രീനിവാസ് ഗൗഡ. കര്‍ണാടകയില്‍ നാലു രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്-
'ഞാന്‍ കോൺഗ്രസിന് വോട്ട് ചെയ്തു. കാരണം ഞാൻ കോൺഗ്രസിനെ സ്നേഹിക്കുന്നു'- കൊലാര്‍ എം.എല്‍.എ ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ജെഡി(എസ്) വിട്ട് കോൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ, ജെ.ഡി.എസ് എം.എൽ.എമാരോട് സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുവെന്ന് ജെ.ഡി(എസ്) അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. മറ്റൊരു ജെ.ഡി(എസ്) എം.എൽ.എ എസ്. ആർ ശ്രീനിവാസയും കോൺഗ്രസിന് വോട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസും ജെ.ഡി.എസും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതിനാല്‍ ക്രോസ് വോട്ടിങിന് ഏറെ പ്രാധാന്യമുണ്ട്.
പാർട്ടിയുടെ 32 എം.എൽ.എമാരിൽ രണ്ടു പേർ കോൺഗ്രസിന് വോട്ട് ചെയ്തതായി ജെഡി(എസ്) അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമി സ്ഥിരീകരിച്ചു. ജെഡി(എസ്) തങ്ങളുടെ എം.എൽ.എമാരെ കോണ്‍ഗ്രസ് സ്വാധീനിക്കാതിരിക്കാന്‍ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
കർണാടക നിയമസഭയിൽ 244 സീറ്റുകളാണുള്ളത്. കോൺഗ്രസിന് 70ഉം ബി.ജെ.പിക്ക് 121ഉം ജെ.ഡി(എസ്)ന് 32ഉം സീറ്റുകളാണുള്ളത്. കർണാടകയിൽ നാല് രാജ്യസഭാ സീറ്റുകളിലേക്ക് ആറ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതിനാൽ കടുത്ത മത്സരമാണ് നടക്കുന്നത്.
സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി മൂന്ന് സ്ഥാനാർഥികളെ നിർത്തി. നിയമസഭയിലെ അംഗബലം കണക്കിലെടുത്താൽ രണ്ട് സീറ്റുകൾ ബി.ജെ.പിക്ക് നേടാനാകും. കോൺഗ്രസ് രണ്ട് സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒന്നിൽ വിജയിക്കുമെന്ന് അവരുടെ അംഗബലത്തില്‍ നിന്ന് വ്യക്തമാണ്.
നാലാമത്തെ സീറ്റിൽ ബി.ജെ.പിക്ക് 32ഉം കോൺഗ്രസിന് 24ഉം ജെ.ഡി.എസിന് 32ഉം എം.എൽ.എമാരുണ്ട്. ഒരു പാർട്ടിക്കും ഈ സീറ്റിൽ വിജയിക്കാനാവശ്യമായ അംഗബലമില്ല. എന്നാൽ മൂന്ന് പാര്‍ട്ടികളും സ്ഥാനാർഥികളെ നിർത്തി. ജെഡി(എസ്) ഈ ഒരു സ്ഥാനാർഥിയെ മാത്രമാണ് നിർത്തിയിട്ടുള്ളത്. കോൺഗ്രസും ജെ.ഡി.എസും ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് വ്യക്തമാക്കിയെങ്കിലും ആരും പിൻമാറിയില്ല.