ബി.ജെ.പി- ജെ.ഡി.യു- ടി.ഡി.പി സഖ്യം ഫെവിക്കോൾ പോലെ; കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്
|കോൺഗ്രസ് പാമ്പു കടിയേറ്റ് 99ൽ നിന്ന് പൂജ്യത്തിലേക്ക് വീഴുമെന്നും മന്ത്രി അവകാശപ്പെട്ടു.
ന്യൂഡൽഹി: തന്റെ പാർട്ടിയും ബി.ജെ.പിയും ടി.ഡി.പിയും തമ്മിലുള്ള സഖ്യം ഫെവിക്കോൾ പോലുള്ള ബന്ധമാണെന്ന് കേന്ദ്രമന്ത്രിയും ജെ.ഡി.യു നേതാവുമായ രാജീവ് രഞ്ജൻ സിങ്. പാമ്പും കോണിയും ഉപമയിലൂടെ കോൺഗ്രസിനെതിരെ തിരിഞ്ഞ കേന്ദ്രമന്ത്രി, അവർ പാമ്പു കടിയേറ്റ് 99ൽ നിന്ന് പൂജ്യത്തിലേക്ക് വീഴുമെന്നും അവകാശപ്പെട്ടു. ബജറ്റിന്മേലുള്ള ചർച്ചയ്ക്കിടെ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു രാജീവ് രഞ്ജൻ സിങ്.
'ഇത് തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമാണ്. ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചതു പോലുള്ള ബന്ധമാണ് ഈ പാർട്ടികൾ തമ്മിലുള്ളത്. നിങ്ങൾ ഒരു കഴുകനെപ്പോലെ ഞങ്ങളെ ആക്രമിക്കുകയാണ്. 99 വളരെ അപകടകരമായ സംഖ്യയാണ്. ബോർഡ് ഗെയിമിൽ നിങ്ങൾക്ക് പാമ്പ് കടിയേറ്റാൽ നേരിട്ട് പൂജ്യത്തിലേക്ക് വീഴാം. ഇത് ഒരു തുടക്കം മാത്രമാണ്. അഞ്ച് വർഷത്തിനുള്ളിൽ നിങ്ങളെ പാമ്പ് കടിക്കും, അവസാനം പൂജ്യത്തിലെത്തും'- രാജീവ് അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേടിയ എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ വന്നതോടെ നിതീഷ് കുമാറിന്റെ ജെ.ഡി.യു, ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടേയും പിന്തുണയോടെയാണ് കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലേറിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 303 സീറ്റുകൾ നേടിയിരുന്ന ബി.ജെ.പി ഇത്തവണ 240 സീറ്റുകളിലക്ക് കൂപ്പുകുത്തിയിരുന്നു.