India
സംസ്ഥാനത്ത് കണ്ടു, ഇനി രാജ്യം മുഴുവൻ കാണാം; നിതീഷ് ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന നൽകി ബിഹാറിൽ ബോർഡുകൾ
India

'സംസ്ഥാനത്ത് കണ്ടു, ഇനി രാജ്യം മുഴുവൻ കാണാം'; നിതീഷ് ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന നൽകി ബിഹാറിൽ ബോർഡുകൾ

Web Desk
|
1 Sep 2022 4:20 PM GMT

നിതീഷ് കുമാർ ബിജെപി സഖ്യം അവസാനിപ്പിച്ച് ആർജെഡി-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്നതോടെയാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്ന അഭ്യൂഹങ്ങളുണ്ടായത്.

പട്‌ന: ബിഹാർ മുഖ്യമന്ത്രി ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന നൽകി ബിഹാറിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പട്‌നയിലെ ജെഡിയു ആസ്ഥാനത്തിന് മുന്നിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കണ്ടു, ഇനി രാജ്യം മുഴുവൻ കാണാം, വാചകക്കസർത്തല്ല യാഥാർത്ഥ്യമാണ് തുടങ്ങിയ വാചകങ്ങളാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.

നിതീഷ് കുമാർ ബിജെപി സഖ്യം അവസാനിപ്പിച്ച് ആർജെഡി-കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്നതോടെയാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്ന അഭ്യൂഹങ്ങളുണ്ടായത്. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിതീഷ് വന്നേക്കുമെന്നാണ് സൂചന. പ്രതിപക്ഷം സമ്മതിക്കുകയാണെങ്കിൽ നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കരുത്തനായ സ്ഥാനാർഥിയായിരിക്കുമെന്ന് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

അതിനിടെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനൊപ്പം കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാധ്യമപ്രവർത്തകർ പ്രതിപക്ഷ സഖ്യത്തെക്കുറിച്ചും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചും ചോദിച്ചപ്പോൾ അത്തരം ചോദ്യങ്ങൾ അവഗണിക്കാൻ നിതീഷ് കുമാർ ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലായത്.

അതേസമയം ഇക്കാര്യത്തിൽ ഇതുവരെ മനസ്സ് തുറക്കാൻ നിതീഷ് കുമാർ തയ്യാറായിട്ടില്ല. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്നും അത് ജനങ്ങൾക്ക് നല്ലതാണെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു.

Similar Posts