India
ബിഹാറിൽ നിതീഷ് പാലം വലിക്കുമോ? ആശങ്കയോടെ ബിജെപി
India

ബിഹാറിൽ നിതീഷ് പാലം വലിക്കുമോ? ആശങ്കയോടെ ബിജെപി

Web Desk
|
9 Aug 2022 6:37 AM GMT

243 അംഗ സഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

പട്‌ന: ബിജെപിയുമായുള്ള രാഷ്ട്രീയസഖ്യം ഉപേക്ഷിക്കുമെന്ന സൂചനകൾക്കിടെ ജെഡിയുവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. നിതീഷ് കുമാർ വരുമെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് അജിത് ശർമ്മയാണ് അറിയിച്ചത്. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും കോൺഗ്രസ് അറിയിച്ചു.

സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിത്വം തുടരുന്നതിനിടെ ജെഡിയുവും ബിജെപിയും പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡിയും തലസ്ഥാനത്ത് പ്രത്യേകം യോഗം ചേരുകയാണ്. പാർട്ടി എംപിമാരുടെയും എംഎൽഎമാരുടെയും യോഗമാണ് നിതീഷ് വിളിച്ചിട്ടുള്ളത്. സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം യോഗം കൈക്കൊള്ളുമെന്നാണ് സൂചന. 'സ്‌ഫോടനാത്മകമായ വാർത്ത പ്രതീക്ഷിക്കുക' എന്നാണ് യോഗം സംബന്ധിച്ച് ജെഡിയു നേതാവ് എൻഡിടിവിയോട് പ്രതികരിച്ചത്. നിതീഷ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഭികുഭായ് ദൽസാനിയ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജെയ്‌സ്വാൾ, ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് തുടങ്ങിയ ഉന്നത നേതാക്കളാണ് ബിജെപി യോഗത്തിൽ പങ്കെടുക്കുന്നത്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വീട്ടിലാണ് മഹാഗട്ബന്ധൻ എംഎൽഎമാരുടെ യോഗം നടക്കുന്നത്.

മഹാരാഷ്ട്രയിൽ ശിവസേന പിളർത്തിയതു പോലെ ബിജെപി നേതാവ് അമിത് ഷാ ജെഡിയു പിളർത്താൻ ശ്രമിക്കുന്നു എന്നാണ് നിതീഷ് കുമാറിന്റെ ആരോപണം. കേന്ദ്രമന്ത്രിസഭയിലെ ജെഡിയു അംഗം ആർസിപി സിങ്ങിനെയാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞയാഴ്ച ആർസിപി സിങ് ജെഡിയുവിൽ നിന്ന് രാജിവച്ചിരുന്നു. 2017ലാണ് ജെഡിയു പ്രതിനിധിയായി സിങ് മന്ത്രിസഭയിലെത്തിയത്.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 43 സീറ്റാണ് ജെഡിയു നേടിയത്. ബിജെപി 74 സീറ്റു നേടി. ഇരുകക്ഷികളും തമ്മിലുള്ള ധാരണ പ്രകാരം മുഖ്യമന്ത്രി പദം നിതീഷ് കുമാറിന് നൽകുകയായിരുന്നു. 75 സീറ്റു നേടിയ ആർജെഡിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന് 19 സീറ്റുണ്ട്. കോൺഗ്രസിന്റെ മോശം പ്രകടനമാണ് സംസ്ഥാനത്ത് ആർജെഡിക്ക് അധികാരം നഷ്ടപ്പെടുത്തിയത്. 43 അംഗങ്ങളുള്ള ജെഡിയു എൻഡിഎ സഖ്യം വിട്ടുവരികയാണ് എങ്കിൽ ആർജെഡിക്കും ജെഡിയുവിനും എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാനാകും. 243 അംഗ സഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

Similar Posts