India
പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും നിതീഷ് കുമാറിനുണ്ട്; മുന്നറിയിപ്പുമായി ജെഡിയു
India

'പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും നിതീഷ് കുമാറിനുണ്ട്'; മുന്നറിയിപ്പുമായി ജെഡിയു

Web Desk
|
30 Aug 2021 4:37 AM GMT

സഖ്യകക്ഷികൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ എൻഡിഎ ഏകോപന സമിതി രൂപീകരിക്കണമെന്ന് ജെഡിയു ദേശീയ കൗൺസിൽ ആവശ്യപ്പെട്ടു

മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ജനതാദൾ(യുനൈറ്റഡ്). സഖ്യകക്ഷികൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ എൻഡിഎ ഏകോപന സമിതി രൂപീകരിക്കണമെന്ന് ജെഡിയു ദേശീയ കൗൺസിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും പാർട്ടി തലവൻ നിതീഷ് കുമാറിനുണ്ടെന്നും യോഗം വ്യക്തമാക്കി.

പെഗാസസ്, ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൽനിന്നു വ്യത്യസ്തമായ നിലപാടാണ് ജെഡിയു സ്വീകരിച്ചിരുന്നത്. കേന്ദ്രത്തെ വെട്ടിലാക്കിയ പെഗാസസ് വിവാദത്തിൽ അന്വേഷണം വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഏറ്റവുമൊടുവിൽ ജാതി സെൻസസ് വേണമെന്ന നിലപാടും നിതീഷ് കുമാറും സംഘവും കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിതീഷിന്റെ നേതൃത്വത്തിൽ ബിഹാറിൽനിന്നുള്ള സർവകക്ഷി സംഘം മോദിയെ കണ്ടെങ്കിലും അനുകൂല സമീപനമുണ്ടായിരുന്നില്ല.

നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനത്തിനായി മത്സരരംഗത്തില്ലെങ്കിലും അതിനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് ദേശീയ കൗൺസിൽ പ്രമേയം പാസാക്കിയതായി യോഗ ശേഷം ദേശീയ വക്താവ് കെ.സി ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു. നിതീഷിന്റെ പ്രധാനമന്ത്രി സാധ്യതകളെക്കുറിച്ച് പല ഭാഗങ്ങളിൽനിന്നും പരിഹാസങ്ങൾ പുറത്തുവരുന്നുണ്ട്. അതുകൊണ്ടു തന്നെ കാര്യം വ്യക്തമാക്കുകയാണെന്നും ത്യാഗി പറഞ്ഞു.

വാജ്‌പെയ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നതിനു സമാനമായ ഏകോപന സമിതി കേന്ദ്ര സർക്കാർ രൂപീകരിക്കണം. അഭിപ്രായ വ്യത്യാസമുള്ള നിരവധി വിഷയങ്ങൾ ഇതുവഴി ചർച്ച ചെയ്യാനാകും. എൻഡിഎ സഖ്യത്തിന്റെ മികച്ച രീതിയിലുള്ള പ്രവർത്തനത്തിന് ഇത് ആവശ്യമാണ്-ത്യാഗി കൂട്ടിച്ചേർത്തു.

ബിഹാർ പാർട്ടി ആസ്ഥാനത്താണ് ജെഡിയു കൗൺസിൽ ചേർന്നത്. പുതിയ ദേശീയ അധ്യക്ഷനായി ലാലൻ സിങ്ങിനെ തെരഞ്ഞെടുത്തതിന് യോഗം അംഗീകാരം നൽകിയിട്ടുണ്ട്.

Related Tags :
Similar Posts