ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത അന്തരിച്ചു
|കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായിരുന്ന നരേഷ് ഗോയലിന് അടുത്തിടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു
മുംബൈ: ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിതാ ഗോയൽ അന്തരിച്ചു. അർബുദ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അന്ത്യം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായിരുന്ന നരേഷ് ഗോയിലിന് അടുത്തിടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
ഭാര്യയുടെ മരണസമയത്ത് നരേഷ് ഗോയൽ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. മേയ് ആറിനാണ് ബോംബെ ബൈക്കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. നരേഷ് ഗോയലും അർബുദ ബാധിതനാണ്. ഭാര്യയുടെയും നരേഷിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജെറ്റ് എയർവേഴ്സിന് കനറാ ബാങ്ക് അനുവദിച്ച 538.62 കോടി രൂപയുടെ ഫണ്ട് വെളുപ്പിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം സെപ്തംബർ ഒന്നിലാണ് നരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഭാര്യ അനിതയും കേസിൽ പ്രതിയായിരുന്നു.