ജാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടി; മുതിർന്ന നേതാക്കളടക്കമുള്ള മുൻ എംഎൽഎമാർ പാർട്ടി വിട്ടു
|സംസ്ഥാന വക്താവായിരുന്ന കുനാൽ സാരംഗി, ലൂയിസ് മൊറാണ്ടി, ലക്ഷമൺ ടുഡു തുടങ്ങിയവരാണ് ബിജെപി വിട്ട് ജെഎംഎമ്മിൽ ചേർന്നത്.
റാഞ്ചി: ജാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടിയായി മുതിർന്ന നേതാക്കളടക്കമുള്ള മുൻ എംഎൽഎമാർ പാർട്ടി വിട്ടു. പാർട്ടി സംസ്ഥാന വക്താവടക്കമുള്ള മൂന്നു നേതാക്കളാണ് പാർട്ടിവിട്ടത്. മൂന്നു പേരും ജാർഖണ്ഡ് മുക്തി മോർച്ചയിൽ ചേർന്നു. പാർട്ടി ഒഴിവാക്കിയവർ പുതിയ അവസരം തേടുകയാണെന്നാണ് ബിജെപിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിച്ചാണ് പാർട്ടിയുടെ മുഖങ്ങളായിരുന്ന നേതാക്കൾ പാർട്ടി വിട്ടത്. ജെഎംഎമ്മിനെ മറികടന്ന് അധികാരം പിടിക്കാൻ തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് സംസ്ഥാന വക്താവായിരുന്ന കുനാൽ സാരംഗി, ലൂയിസ് മൊറാണ്ടി, ലക്ഷമൺ ടുഡു എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്. 2014ൽ ദുംക മണ്ഡലത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ തോൽപ്പിച്ചാണ് ലൂയിസ് മൊറാണ്ടി നിയമസഭയിലെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായിരുന്ന വനിതാ നേതാവിലൂടെയാണ് ചരിത്രത്തിലാദ്യമായി ദുംക മണ്ഡലത്തിൽ ബിജെപി വിജയിച്ചത്. കഴിഞ്ഞ ജൂലൈയിൽ വക്താവ് സ്ഥാനം രാജിവെച്ച സാരംഗിയും, ഘട്ട്ഷില മുൻ എംഎൽഎ ലക്ഷമൺ ടുഡുവും ലൂയിസ് മൊറാണ്ടിക്കൊപ്പം രാജിക്കത്ത് നൽകി.
സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും പ്രവർത്തനവൈകല്യവും ചൂണ്ടിക്കാട്ടി നേതാക്കൾ സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടിക്ക് കത്തയച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്. എൻഡിഎ സഖ്യകക്ഷിയായ എജെഎസ്‌യു നേതാക്കൾ ജെഎംഎമ്മിൽ ചേർന്നതിനു പിന്നാലെയാണ് ബിജെപിയുടെ മുതിർന്ന നോതക്കൾ കൂടി ഭരണകക്ഷിയിൽ ചേക്കേറിയിരിക്കുന്നത്.