ജോലിയിൽ പ്രവേശിച്ച് മാസങ്ങൾക്കുള്ളിൽ കൈക്കൂലി; സർക്കാർ ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടി
|ക്രമക്കേട് റിപ്പോർട്ട് ചെയ്യാതിരിക്കാന്‍ മിതാലി 20,000 രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത്
ഹസാരിബാഗ്: സർക്കാർ ജോലിയിൽ പ്രവേശിച്ച് മാസങ്ങൾക്കുള്ളിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ പിടിയിൽ. ജാർഖണ്ഡിലെ കോഡെർമയിൽ സഹകരണ വകുപ്പിൽ അസിസ്റ്റന്റ് രജിസ്ട്രാറായ മിതാലി ശർമ എന്ന യുവതിയെയാണ് ഹസാരിബാഗ് ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥർ പിടികൂടിയത്.
മിതാലി ശർമ എട്ട് മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. മിതാലിയുടെ ആദ്യ പോസ്റ്റിങ്ങായിരുന്നു ഹസാരിബാഗിലേത്. കോഡെർമ വ്യാപാര് സഹയോഗ് സമിതിയിൽ നടത്തിയ മിതാലി ശർമ്മ മിന്നൽ പരിശോധന നടത്തിയിരുന്നു. സമിതിക്കുള്ളിൽ ക്രമക്കേടുകൾ നടന്നതായും അവർ കണ്ടെത്തി. എന്നാൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാതിരിക്കാനും നടപടി ഒഴിവാക്കാനുമായി മിതാലി 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇക്കാര്യം സമിതിയിലെ അംഗം അഴിമതി വിരുദ്ധ സ്‌ക്വാഡിനെ അറിയിക്കുകയുമായിരുന്നു. അന്വേഷണത്തില്‍ മിതാലി ശർമ്മ 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
പിന്നാലെയാണ് അഴിമതി വിരുദ്ധ സ്‌ക്വാഡിന്റെ നിർദേശത്തോടെ 10,000 രൂപ കൈക്കൂലി നൽകാനായി സഹകരണ സംഘത്തിലെ ആളുകൾ ഉദ്യോഗസ്ഥയെ സമീപിച്ചത്. കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തുകയും അറസ്റ്റ് ചെയ്യുകയായുമായിരുന്നു.ഉദ്യോഗസ്ഥയെ പിടികൂടുന്നതിന്റെയും കൈക്കൂലി വാങ്ങുന്ന വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.