India
Jharkhand Minister Alamgir Alam arrested by ED in money laundering case
India

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇ.ഡി

Web Desk
|
15 May 2024 3:13 PM GMT

മെയ് ആറിന് ആലമിന്റെ പേഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ സഹായിയായ ജഹാം​ഗീർ ആലമിന്റെ വസതി ഇ.ഡി റെയ്ഡ് ചെയ്തിരുന്നു.

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ അലംഗീർ ആലമിനെ അറസ്റ്റ് ചെയ്ത് ഇ.ഡി. റാഞ്ചിയിലെ ഇ.ഡി ആസ്ഥാനത്ത് നടന്ന ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേന്ദ്ര ഏജൻസി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മൊഴി രേഖപ്പെടുത്താനായി 70കാരനായ ആലമിനോട് ചൊവ്വാഴ്ച റാഞ്ചിയിലെ ഇ.ഡി സോണൽ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു.

മെയ് ആറിന് ആലമിന്റെ പേഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ സഹായിയായ ജഹാം​ഗീർ ആലമിന്റെ വസതി ഇ.ഡി റെയ്ഡ് ചെയ്തിരുന്നു. റെയ്ഡിൽ 37 കോടി രൂപ കണ്ടെടുത്തെന്ന് അവകാശപ്പെട്ട ഇ.ഡി സഞ്ജീവ് ലാലിനെയും ജഹാം​ഗീറിനേയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആലം​ഗീർ ആലമിനെതിരായ നടപടി.

നേരത്തെ, അറസ്റ്റിലായ ജാർഖണ്ഡ് ഗ്രാമവികസന വകുപ്പ് മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര കെ റാമിനെതിരെ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകൾ. വകുപ്പിലെ ചില പദ്ധതികളുടെ നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു ഇ.ഡി നടപടി.

റെയ്ഡിനിടെ, നിരവധി നോട്ടെണ്ണൽ മെഷീനുകളും ജഹാംഗീർ ആലമിൻ്റെ ഫ്ലാറ്റിൽ നിന്ന് ആഭരണങ്ങളും കണ്ടെടുത്തതായി ഉദ്യോ​ഗസ്ഥർ പറഞ്ഞിരുന്നു. നിരോധിച്ച 500 രൂപ നോട്ടുകൾ ഉൾപ്പെടുന്ന കണക്കിൽപ്പെടാത്ത പണം എണ്ണാനാണ് ഈ മെഷീനുകൾ എന്നായിരുന്നു ഇ.ഡി വാദം.

Similar Posts