'ഓപറേഷന്‍ കമല' ഭീഷണി: ജാര്‍ഖണ്ഡിലെ ഭരണപക്ഷ എം.എല്‍.എമാരെ റിസോര്‍ട്ടിലെത്തിച്ചു
|"ഇത് ആശ്ചര്യപ്പെടുത്തുന്ന നടപടിയല്ല. രാഷ്ട്രീയത്തിൽ ഇതെല്ലാം സംഭവിക്കുന്നു. ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ തയ്യാറാണ്"- ഹേമന്ദ് സോറന്‍
ജാര്‍ഖണ്ഡിലെ ജെ.എം.എം - കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. ബി.ജെ.പി കുതിരക്കച്ചവടം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലെ മെയ് ഫെയര്‍ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എമാരെ മാറ്റിയത്.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കര്‍ണാടകയിലും സംഭവിച്ചതുപോലെ ഭരണപക്ഷത്തെ പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമെന്ന് ജെ.എം.എം കരുതുന്നു. ഇന്ന് ഉച്ചയോടെ എം.എൽ.എമാർ ഹേമന്ദ് സോറന്‍റെ വസതിയിൽനിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിലേക്ക് പോയി. യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്താവളത്തിൽ ഇവർക്കുവേണ്ടി ചാർട്ടേഡ് വിമാനം തയ്യാറായിരുന്നു. റായ്പുരിലുള്ള മെയ് ഫെയര്‍ റിസോർട്ടിൽ എം.എൽ.എമാർ എത്തിച്ചേർന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
"ഇത് ആശ്ചര്യപ്പെടുത്തുന്ന നടപടിയല്ല. രാഷ്ട്രീയത്തിൽ ഇതെല്ലാം സംഭവിക്കുന്നു. ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ തയ്യാറാണ്"- ഹേമന്ദ് സോറന്‍ പറഞ്ഞു.
"ഇത് പുതിയ കാര്യമല്ല. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ്. ഞങ്ങളുടെ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള തന്ത്രപരമായ നീക്കമാണ് ഞങ്ങള്‍ നടത്തുന്നത്"- കോൺഗ്രസ് വക്താവ് പ്രതികരിച്ചു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ ഹേമന്ദ് സോറന്‍ ലംഘിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തല്‍. ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള ശിപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി. സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന അനുമതി നേടിയെന്നാണ് ആരോപണം. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സോറനെതിരെ ഈ ആരോപണം ഉന്നയിച്ചത്.
ഹേമന്ദ് സോറന്റെ നേതൃത്വത്തിൽ 43 എം.എൽ.എമാർ ശനിയാഴ്ച ഖുംടി ജില്ല സന്ദർശിച്ചിരുന്നു. ഇത് നിരവധി അഭ്യൂഹങ്ങൾക്കിടയാക്കി. ഹേമന്ദ് സോറന്‍ അയോഗ്യനാണെന്നും അതിനാല്‍ സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
81 അംഗ സഭയില്‍ 49 പേരുടെ പിന്തുണയാണ് സോറന്‍ സര്‍ക്കാരിനുള്ളത്. 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.എം.എമ്മിന് 30 എം.എല്‍.എമാരും കോണ്‍ഗ്രസിന് 18 എം.എല്‍.എമാരുമുണ്ട്. ആര്‍.ജെ.ഡിയുടെ ഒരു എം.എല്‍.എയും സഖ്യത്തിനൊപ്പമുണ്ട്. ബി.ജെ.പിക്ക് 26 എം.എല്‍.എമാരാണ് നിലവിലുള്ളത്.