ഫോണില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു; അമ്മ രണ്ടുവയസുകാരനെ കഴുത്ത് ഞെരിച്ചുകൊന്നു
|അഫ്‌സാന ഖാത്തൂന്‍ എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്
ഗിരിധി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കരഞ്ഞതിനെ തുടര്‍ന്ന് അമ്മ രണ്ടുവയസുകാരനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലാണ് സംഭവം. ഒരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ മകൻ കരഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
അഫ്‌സാന ഖാത്തൂന്‍ എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ആറു വര്‍ഷം മുന്‍പായിരുന്നു നിസാമുദ്ദീന്‍ എന്ന യുവാവുമായി യുവതിയുടെ വിവാഹം. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്.ഭർത്താവുമായി വഴക്കിട്ടതിനെത്തുടർന്ന് വ്യാഴാഴ്ച അഫ്സാന ഇളയ മകനെയും കൂട്ടി മുറിയില്‍ കയറി വാതിലടച്ചതായി ഭര്‍തൃപിതാവും പരാതിക്കാരനുമായ റോജൻ അൻസാരി പറഞ്ഞു.കുഞ്ഞ് കരയുമ്പോള്‍ അഫ്സാന ഫോണിലായിരുന്നുവെന്നും ആശ്വസിപ്പിക്കുന്നതിനു പകരം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചു.സംഭവത്തിനു ശേഷം അഫ്സാന വാതില്‍ തുറന്നില്ല. ഭര്‍ത്താവ് ഉറങ്ങാനായി മുറിയിലെത്തിയപ്പോഴാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അഫ്സാനയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ദേഷ്യം കൊണ്ട് തള്ളിയപ്പോള്‍ കട്ടിലില്‍ നിന്നും വീണു മരിച്ചതാണെന്നും യുവതി പറഞ്ഞു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.