എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍
|ഗുജറാത്തിലെ പാലൻപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
ഗുവാഹത്തി: ദലിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30ഓടെ ഗുജറാത്തിലെ പാലൻപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ജിഗ്നേഷ് മേവാനിയെ ഗുവാഹത്തിയിലെത്തിക്കും. എന്നാൽ ഏത് വകുപ്പാണ് ജിഗ്നേഷിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. എഫ്ഐആർ വിശദാംശങ്ങൾ നൽകാനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദത്തിനും അഭ്യർഥിക്കണമെന്ന് ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തിരുന്നു. അസം സ്വദേശിയായ അനൂപ് കുമാർ ദേ ആണ് പരാതി നൽകിയത്. എഫ്‌ഐആറിന്റെ പകർപ്പ് പൊലീസ് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ജിഗ്നേഷിന്റെ ഈ ട്വീറ്റുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്.
ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എ ആണ് ജിഗ്നേഷ് മേവാനി. സ്വതന്ത്ര എം.എല്‍.എ ആയി വിജയിച്ച അദ്ദേഹം കോണ്‍ഗ്രസിനെ പിന്തുണച്ചു. അസമിൽ അദ്ദേഹത്തിനെതിരെ ചില കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്ന് മേവാനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ജിഗ്നേഷിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ ഇന്നു ന്യൂഡൽഹിയിൽ പ്രതിഷേധിക്കും. 'ഭരണഘടനയെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിയാകും പ്രതിഷേധം.
Summary- Congress Vadgam MLA Jignesh Mevani arrested by Assam Police from Palanpur Circuit House around 11:30 pm last night, as per Mevani's team.