ജിഗ്നേഷ് മേവാനിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു
|ജിഗ്നേഷിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിയെ അസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജിഗ്നേഷിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി.
അസം കോക്റാജ്ഹർ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജിഗ്നേഷിന്റെ ജാമ്യാപേക്ഷ തള്ളിയത്. 14 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി അനുവദിച്ചത് മൂന്ന് ദിവസമാണ്. അറസ്റ്റിനെ തുടർന്ന് കോൺഗ്രസ് ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, അറസ്റ്റിനെക്കുറിച്ച് വിചിത്രമായ പ്രതികരണമാണ് അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമയുടേത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് ജിഗ്നേഷിനെ അറിയില്ലെന്നായിരുന്നു മറുപടി.
താൻ രാഷ്ട്രീയവിരോധം തീർക്കുകയാണോ എന്ന ചോദ്യം തന്നെ അപ്രസക്തമെന്നും ഹിമന്ദ് ബിശ്വ ശർമ പറഞ്ഞു. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നത് കോൺഗ്രസ് ആരോപിച്ചിരുന്നു. ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അർധരാത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ സമൂഹത്തിൽ സ്പർധ ഉണ്ടാക്കുന്ന വിധം ട്വീറ്റ് ചെയ്തതിനാണ് അറസ്റ്റെന്നാണ് വിശദീകരണം.