ജിഗ്നേഷ് മേവാനി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍
|പൊലീസ് ഉദ്യോഗസ്ഥരെ പൊതുമധ്യത്തിൽ അസഭ്യം പറയുകയും സ്വമേധയാ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ബർപേട്ട പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21നാണ് കേസ് രജിസ്റ്റർ ചെയ്തത്
അസം:ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ അസമിലെ ബാർപേട്ട ജില്ലയിലെ പ്രാദേശിക കോടതി തള്ളി. മേവാനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പൊലീസ് ഉദ്യോഗസ്ഥരെ പൊതുമധ്യത്തിൽ അസഭ്യം പറയുകയും സ്വമേധയാ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ബർപേട്ട പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21നാണ് കേസ് രജിസ്റ്റർ ചെയ്തത്. കയ്യേറ്റ ശ്രമം, പൊതുസ്ഥലത്ത് അശ്ലീല പദങ്ങളുപയോഗിച്ചോ പ്രവൃത്തി കാണിച്ചോ അപമാനിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മേവാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹരജി സമർപ്പിക്കുമെന്ന് മേവാനിയുടെ അഭിഭാഷകൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ട്വീറ്റ് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് നല്കിയ പരാതിയിലാണ് ജിഗ്നേഷ് മേവാനിയെ ആദ്യം അസം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ തിങ്കളാഴ്ച കൊക്രജാറിലെ കോടതി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.