India
Jio, Airtel, Vi,BSNL
India

ബി​എസ്എൻഎൽ പണിതുടങ്ങി; ജിയോ, എയർടെൽ, വിഐക്ക് ഒരുമാസത്തിനുള്ളിൽ നഷ്ടമായത് ഒരുകോടി ഉപഭോക്താക്കളെ

Web Desk
|
22 Nov 2024 6:06 AM GMT

ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ നഷ്ടമായത് ജിയോക്കാണ് . ബിഎസ്എൻഎല്ലിന്റെ ആ നിലപാടാണ് സ്വകാര്യകമ്പനികൾക്ക് തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ബി​എസ്എൻഎല്ലിന്റെ കുതിപ്പിൽ സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡോഫോൺ-ഐഡിയ എന്നിവക്ക് ഒരു മാസത്തിനുള്ളിൽ നഷ്ടമായത് ഒ​രു കോടിയിലധികം ഉപഭോക്താക്കൾ. സെപ്റ്റംബർ മാസത്തെ കണക്കുകൾ പ്രകാരം മൂന്ന് കമ്പനികൾക്ക് ഒരു കോടി ഉപഭോക്താക്കളെ നഷ്ടമായപ്പോൾ ബിഎസ്എൻഎല്ലിലേക്ക് പുതുതായെത്തിയത് 8.5 ലക്ഷം ഉപയോക്താക്കളെന്ന് കണക്കുകൾ പറയുന്നു. ഇതുസംബന്ധിച്ച കണക്കുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു.

ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപേക്ഷിച്ചത് ജിയോയൊണ്. 79.69 ലക്ഷം മൊബൈൽ വരിക്കാരെയാണ് അവർക്ക് നഷ്ടമായത്. എയർടെല്ലിന് 14.34 ലക്ഷം കണക്ഷനുകളും വോഡഫോൺ ഐഡിയക്ക് (വിഐ)15.53 ലക്ഷം കണക്ഷനുകളുമാണ് നഷ്ടമായത്. അതേസമയം ബിഎസ്എൻഎല്ലിൽ പുതുതായെത്തിയത് 8.49 ലക്ഷം വയർലെസ് കണക്ഷനുകളാണ്.

ജിയോയുടെ വയർലെസ് വരിക്കാരുടെ എണ്ണം സെപ്റ്റംബറിൽ 46.37 കോടിയായി. എയർടെല്ലിന്റെത് 38.34 കോടിയും വിഐയുടെത് 21.24 കോടിയുമാണ്. ബിഎസ്എൻഎൽ വയർലെസ് വരിക്കാരുടെ എണ്ണം 9.18 കോടിയായി ഉയർന്നു.

ജൂലൈയിൽ മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ മൊബൈൽ താരിഫ് 10 മുതൽ 27 ശതമാനം വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ബിഎസ്എൻഎൽ നിരക്ക് വർദ്ധിപ്പിക്കാൻ തയ്യാറായില്ല. നിരക്ക് വർദ്ധന പരിഗണനയിലില്ലെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് രവി വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയാണ് സ്വകാര്യകമ്പനികളെ ഉ​പേക്ഷിച്ച് ബിഎസ്എൻഎൽ തിരഞ്ഞെടുക്കാനുള്ള ഒരു കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

‘സമീപ ഭാവിയിൽ ഞങ്ങൾ താരിഫ് വർദ്ധിപ്പിക്കാൻ പോകുന്നില്ലെന്ന് വ്യക്തമായി പറയാൻ കഴിയുമെന്നായിരുന്നു റോബർട്ട് രവി ഒക്ടോബറിൽ മാധ്യമങ്ങ​​ളോട് പറഞ്ഞത്. ബിഎസ്എൻഎൽ കൂടുതൽ വരിക്കാരെ ആകർഷിക്കാനും വിപണി തിരിച്ചുപിടിക്കാനുമു​ള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കൂടുതൽ സേവനങ്ങളും ഓഫറുകളും അവർ അവതരിപ്പിച്ചിരുന്നു.

ട്രായുടെ കണക്കുകൾ അനുസരിച്ച് ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം ആഗസ്ത് അവസാനം 949.21 ദശലക്ഷമായിരുന്നത് സെപ്റ്റംബർ അവസാനത്തോടെ 944.40 ദശലക്ഷമായി കുറഞ്ഞു. 0.51 ശതമാനം ഇടിവുണ്ടായി. 47.7 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുള്ള (വയർഡ്, വയർലെസ്) ജിയോയാണ് മുന്നിൽ. എയർടെൽ (28.5 കോടി), വോഡഫോൺ ഇന്ത്യ (12.6 കോടി) എന്നിവയാണ് തൊട്ടുപിന്നിൽ. 3.7 കോടി വരിക്കാരുള്ള ബിഎസ്എൻഎൽ ആ പട്ടികയിൽ നാലാമതാണ്.

Similar Posts