ജാമിഅ സംഘർഷം: ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം
|കുറ്റത്തിന്റെ സ്വഭാവം പരിഗണിച്ചും, അന്വേഷണ സമയത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നതുകൊണ്ടും ജാമ്യം അനുവദിക്കുകയാണെന്ന് ജഡ്ജി പറഞ്ഞു.
ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം. 2019 ഡിസംബറിൽ ജാമിഅ ക്യാമ്പസിൽ അതിക്രമം നടത്തിയെന്നാരോപിച്ച് എടുത്ത കേസിലാണ് ഷർജീലിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിനാണ് ചീഫ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് ദിനേശ് കുമാർ ജാമ്യം അനുവദിച്ചത്.
കുറ്റത്തിന്റെ സ്വഭാവം പരിഗണിച്ചും, അന്വേഷണ സമയത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നതുകൊണ്ടും ജാമ്യം അനുവദിക്കുകയാണെന്ന് ജഡ്ജി പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിഅ ക്യാമ്പസിൽ നടന്ന പ്രതിഷേധത്തിനിടെയാണ് 2019ൽ സംഘർഷമുണ്ടായത്.
കലാപമുണ്ടാക്കൽ, ഗൂഢാലോചന, മനപ്പൂർവമായ നരഹത്യക്കുള്ള ശ്രമം, അക്രമം, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഷർജീലിനെതിരെ ചുമത്തിയത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മറ്റു മൂന്ന് കേസുകളിൽ കൂടി പ്രതിയായതിനാൽ ഷർജീൽ ജയിൽ മോചിതനാവില്ല.
2019 സിഎഎ പ്രക്ഷോഭസമയത്ത് കലാപാഹ്വാനം നടത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്നാരോപിച്ച് ഷർജീൽ ഇമാമിനെതിരെ കേസെടുത്തിരുന്നു. ഇതിന് പുറമെ ഡൽഹി കലാപത്തിന്റെ മുഖ്യസൂത്രധാരൻ എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. രണ്ട് സർവകലാശാലകളിൽ 2019ലെ പൗരത്വ പ്രക്ഷോഭകാലത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലും അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.