ഏഴ് വർഷത്തിനിടെ ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങളിലും തൊഴിൽ നഷ്ടം
|അനൗപചാരിക മേഖലയിൽ കേരളത്തിൽ നഷ്ടമായത് 6.40 ലക്ഷം തൊഴിൽ
ന്യൂഡൽഹി: ഇന്ത്യയിലെ പകുതിയോളം സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഏഴ് വർഷത്തിനിടെ അനൗപചാരിക മേഖലയിൽ തൊഴിൽ നഷ്ടമുണ്ടായതായി റിപ്പോർട്ട്. നാഷനൽ സാമ്പിൾ സർവേ ഓഫിസാണ് ഇതുസംബന്ധിച്ച വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്. അനൗപചാരിക മേഖലകളായ ചെറുകിട ബിസിനസുകൾ, മറ്റു കച്ചവടങ്ങൾ, വഴിവാണിഭങ്ങൾ എന്നിവയിലാണ് തൊഴിൽ നഷ്ടമുണ്ടായത്.
തൊഴിൽ നഷ്ടത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. 30 ലക്ഷം പേർക്ക് ജോലി നഷ്ടമായി. കർണാടകയിൽ 13 ലക്ഷം പേർക്കും തമിഴ്നാട്ടിൽ 12 ലക്ഷം പേർക്കും ഉത്തർ പ്രദേശിൽ 7.91 ലക്ഷം പേർക്കും ജോലി നഷ്ടമായി. ആന്ധ്ര പ്രദേശ് 6.77 ലക്ഷം, കേരളം 6.40 ലക്ഷം, അസം 4,94 ലക്ഷം, തെലങ്കാന 3.44 ലക്ഷം എന്നിങ്ങനെയും 2015-2016 മുതൽ 2022-23 വരെയുള്ള കാലയളവിൽ തൊഴിൽ നഷ്ടം സംഭവിച്ചു.
മൂന്ന് ലക്ഷം ജോലി നഷ്ടമായ ഡൽഹിയാണ് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ മുന്നിൽ. ഛണ്ഡീഗഢിൽ 51,000 പേർക്കും പോണ്ടിച്ചേരിയിൽ 32,000 പേർക്കും ജോലി നഷ്ടമായി. ജമ്മു കശ്മീരിലെ കണക്ക് റിപ്പോർട്ടിൽ ലഭ്യമല്ല.
അതേസമയം, മഹാരാഷ്ട്രയിൽ ഏഴ് വർഷത്തിനിടെ 24 ലക്ഷം പേർക്ക് അധികമായി ജോലി ലഭിച്ചു. ഗുജറാത്ത് 7.62 ലക്ഷം, ഒഡിഷ 7.61 ലക്ഷം, രാജസ്ഥാൻ 7.65 ലക്ഷം എന്നിങ്ങനെയും ജോലി വർധനവുണ്ടായി.