കോവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖലയിൽ ജോലി നഷ്ടപ്പെട്ടത്; 21.5 ദശലക്ഷം പേർക്ക്
|ഒന്നാം തരംഗത്തിൽ രാജ്യത്തെ വിനോദസഞ്ചാരികളുടെ വരവ് 93 ശതമാനവും രണ്ടാം തരംഗത്തിൽ 79 ശതമാനവും മൂന്നാം തരംഗത്തിൽ 64 ശതമാനവും കുറഞ്ഞു
2020ന്റെ തുടക്കത്തിൽ രാജ്യത്തെ ബാധിച്ച കോവിഡ് മഹാമാരി രാജ്യത്തെ തൊഴിൽ മേഖലയെ വലിയ തോതിൽ തന്നെ ബാധിച്ചിട്ടുണ്ട്. പ്രധാനമായും ടൂറിസം വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 21.5 ദശലക്ഷം ആളുകൾക്ക് ജോലി നഷ്ടപ്പെട്ടതായി കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. കോവിഡിന്റെ ഒന്നാം തരംഗത്തിൽ രാജ്യത്തെ വിനോദസഞ്ചാരികളുടെ വരവ് 93 ശതമാനവും രണ്ടാം തരംഗത്തിൽ 79 ശതമാനവും മൂന്നാം തരംഗത്തിൽ 64 ശതമാനവും കുറഞ്ഞതായി മന്ത്രി പറഞ്ഞു.
ടൂറിസത്തിൽ കോവിഡിന്റെ ആഘാതത്തെക്കുറിച്ച് നടത്തിയ പഠനമനുസരിച്ച്, ആദ്യ തരംഗത്തിൽ 14.5 ദശലക്ഷം പേര്ർക്കും രണ്ടാം തരംഗത്തിൽ 5.2 ദശലക്ഷം പേര്ർക്കും മൂന്നാം തരംഗത്തിൽ 1.8 ദശലക്ഷം പേർക്കും തൊഴില് നഷ്ടപ്പെട്ടതായി ലോക്സഭയിലെ ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ മൂന്ന് തരംഗങ്ങളിൽ രാജ്യത്തെ ടൂറിസം സമ്പദ്വ്യവസ്ഥ ഗണ്യമായി ഇടിഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ടൂറിസം മേഖലയെ തന്നെ ഇത് വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, 180 കോടി ഡോസ് കോവിഡ് -19 വാക്സിനുകൾ നൽകുന്നതിലൂടെ, ടൂറിസം മേഖലയിൽ പുരോഗതി ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയെ സഹായിക്കുന്നതിന് വോണ്ടി ട്രാവൽ-ടൂറിസം പങ്കാളികൾക്ക് 10 ലക്ഷം രൂപരെയും ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപ വരെയും പലിശ രഹിത വായ്പ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യം എത്തുന്ന അഞ്ച് ലക്ഷം പേരുടെ വിസ ഫീസ് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും കോവിഡ്-19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, 2022 മാർച്ച് 7 വരെ, 51,960 സാധാരണ വിസകളും 1.57 ഇ-വിസകളും ഇന്ത്യ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പറക്കുന്ന വിമാനക്കമ്പനികൾക്ക് 'ഉഡാൻ' പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
യാത്രകൾ ഏറെ ചെലവേറിയതിനാൽ വിമാനക്കൂലിയിൽ നിയന്ത്രണം വേണമെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.