ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിന്‍റെ ഒറ്റ ഡോസിന് ഇന്ത്യയിൽ ഉപയോഗാനുമതി
|കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി തേടി യുഎസ് മരുന്നു നിർമാതാക്കളായ ജോൺസൻ ആൻഡ് ജോൺസൻ അപേക്ഷ സമർപ്പിച്ചത്
യുഎസ് മരുന്നു നിർമാതാക്കളായ ജോൺസൻ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയിൽ ഉപയോഗാനുമതി. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള എമർജൻസി യൂസ് ഓഥറൈസേഷൻ(ഇയുഎ) ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാണിത്. ആസ്ട്രാ സെനെക്കയുടെ കോവിഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക്, മൊഡേണ എന്നിവയ്ക്കാണ് ഇതിനുമുൻപ് അനുമതി ലഭിച്ചിരുന്നത്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ഇന്ത്യ വാക്‌സിന് ഇയുഎ നൽകിയ വിവരം ജോൺസൻ ആൻഡ് ജോൺസനും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി തേടി ജോൺസൻ ആൻഡ് ജോൺസൻ അപേക്ഷ സമർപ്പിച്ചത്. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ 85 ശതമാനം ഫലപ്രാപ്തിയുള്ളതായി ക്ലിനിക്കൽ പരിശോധനകളിൽ തെളിയിച്ചതായി കമ്പനി അവകാശപ്പെടുന്നുണ്ട്. ഡെൽറ്റ വകഭേദം അടക്കമുള്ള അനുബന്ധ പ്രശ്‌നങ്ങൾക്കും ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിൻ ഫലപ്രദമാണെന്നാണ് കമ്പനി പറയുന്നത്.