'വേഗം ബി.ജെ.പിയിൽ ചേർന്നോ, ഇല്ലെങ്കിൽ വീട്ടിലേക്ക് ബുൾഡോസർ എത്തും'; കോൺഗ്രസ് എം.എൽ.എമാർക്ക് മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണി
|റുതിയായിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി പ്രതിപക്ഷ എം.എൽ.എമാരെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്.
ഭോപ്പാൽ: കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേരണമെന്ന ആവശ്യവും ഭീഷണിയുമായി മധ്യപ്രദേശ് ബി.ജെ.പി മന്ത്രി. ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ബുൾഡോസർ വീട്ടിലെത്തമെന്നാണ് പഞ്ചായത്ത് വകുപ്പ് മന്ത്രി മഹേന്ദ്രസിങ് സിസോദിയയുടെ ഭീഷണി. റുതിയായിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി പ്രതിപക്ഷ എം.എൽ.എമാരെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്.
'കോൺഗ്രസ് അംഗങ്ങൾ കേൾക്കുക. നിങ്ങൾ ബി.ജെ.പിയിൽ ചേരണം. ഭരണകക്ഷിക്കൊപ്പം വരണം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വർഷവും മഹാരാഷ്ട്രയിൽ ബി.ജെ.പി തന്നെ അധികാരത്തിൽ വരും. മുഖ്യമന്ത്രിയുടെ ബുൾഡോസർ റെഡിയാണ്'- സിസോദിയ പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന രാഘോഗഡ് നഗർ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കവെ സിസോദിയ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന യു.പിയുൾപ്പെടെയുള്ള സംസ്ഥാനങ്ങളെപ്പോലെ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാരും വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായ ആളുകളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഭീഷണിയുമായി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മന്ത്രിയുടെ പരാമർശം ബി.ജെ.പിയുടെ തനിസ്വരൂപം വ്യക്തമാക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. മന്ത്രി തന്റെ ഭാഷയിൽ സംയമനം പാലിക്കണമെന്ന് ഗുണ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ഹരിശങ്കർ വിജയവർഗിയ പ്രതികരിച്ചു.
"ജനുവരി 20ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഘോഗറിലെ ജനങ്ങൾ അദ്ദേഹത്തിന് ഉചിതമായ മറുപടി നൽകും"- വിജയവർഗിയ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ് സിങ്ങിന്റെയും മകൻ ജയവർധൻ സിങ്ങിന്റേയും തട്ടകമാണ് രാഘോഗഡ്.