രോഹിത് വെമുല; ‘നീതി നിഷേധത്തിന്റെ 8 വർഷം, ഒരിക്കലും മറക്കരുത്, പൊറുക്കരുത്’ പൊലീസ് റിപ്പോർട്ടിനെതിരെ വിദ്യാർഥി സംഘടനകൾ രംഗത്ത്
|കഴിഞ്ഞ എട്ടുവർഷമായി നടക്കുന്ന പ്രക്ഷോഭങ്ങളെയും പോരാട്ടങ്ങളെയും പരിഹസിക്കുന്നതാണ് പൊലീസ് റിപ്പോർട്ടെന്ന് വിദ്യാർഥി സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി
ഹൈദരാബാദ്: ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ ജാതിപീഡനത്തിനിരയായതിനെ തുടർന്ന് ജീവനൊടുക്കിയ രോഹിത് വെമുലക്കെതിരെ വ്യാജ റിപ്പോർട്ട് കോടതിയിൽ പൊലീസ് നൽകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ. ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകത്തിനിരയായ രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായവരെ ബി.ജെ.പി നേതാക്കളെയടക്കം രക്ഷിക്കാനാണ് പൊലീസ് വ്യാജ റിപ്പോർട്ട് തയാറക്കിയിരിക്കുന്നതെന്ന് വിദ്യാർഥി സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.രോഹിത് പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആളെല്ലെന്നും തന്റെ 'യഥാർത്ഥ ജാതി ഐഡന്റിറ്റി' കണ്ടെത്തുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്ന് അനുമാനിക്കുന്നുവെന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവകലാശാലയിൽ പ്രവേശനം നേടിയത്. ഇത് പുറത്ത് വരുമോ എന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിലുള്ളത്.
രോഹിതിനെ മരണത്തിലേക്ക് തള്ളിവിട്ട അന്നത്തെ വൈസ് ചാൻസലറായിരുന്ന അപ്പറാവുവിനെയും ബിജെപി നേതാക്കളെയും പൂർണമായും ഒഴിവാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. രോഹിത് വെമുലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്ന അന്ന് എം.പിയായിരുന്ന ബന്ദാരു ദത്താത്രേയ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം എൻ രാമചന്ദ്ര റാവു, എബിവിപി നേതാവ് സുശീൽ എന്നിവർക്ക് മരണത്തിൽ പങ്കില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ബിജെപിയും എബിവിപിയും കെട്ടിച്ചമച്ച കഥകളാണ് പൊലീസ് കുറ്റപത്രത്തിലുള്ളതെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. അക്കാദമിക് രേഖകളിലടക്കം ദലിത് എന്ന അടയാളപ്പെടുത്തിയ ഒരാളെയാണ് പൊലീസ് ദലിത് അല്ലെന്ന് അവകാശപ്പെടുന്നത്. വ്യാജ റിപ്പോർട്ട് നൽകി രോഹിതിനെവീണ്ടും അപമാനിക്കാനാണ് പൊലീസും ഭരണകൂടവും ശ്രമിക്കുന്നത്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വലിയ ഞെട്ടലും നിരാശയുമാണുണ്ടാക്കുന്നത്. റിപ്പോർട്ടിൽ നിറയെ അവ്യക്തതകളും അസത്യങ്ങളുമാണുള്ളത്. രോഹിത്തിന്റെ കൊലപാതകത്തിൽ നീതി തേടി കഴിഞ്ഞ എട്ടുവർഷമായി നടക്കുന്ന പ്രക്ഷോഭങ്ങളെയും പോരാട്ടങ്ങളെയും പരിഹസിക്കുന്നതാണ് പൊലീസ് റിപ്പോർട്ട്. ‘നിഷേധിക്കപ്പെട്ട നീതിയുടെ 8 വർഷം’ ഒരിക്കലും മറക്കരുത്, ഒരിക്കലും പൊറുക്കരുത്’ എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം കാമ്പസ് പരിസരത്ത് പ്രക്ഷോഭ റാലി സംഘടിപ്പിച്ചു. ഓൾ ഇന്ത്യ ഒബിസി സ്റ്റുഡൻ്റ്സ് അസോസിയേഷൻ (AIOBCSA),ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (AISA),അംബേദ്കർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എഎസ്എ), ബഹുജൻ സ്റ്റുഡന്റ്സ് ഫ്രണ്ട് (ബിഎസ്എഫ്), ദളിത് വിദ്യാർത്ഥി യൂണിയൻ (DSU),ഫ്രറ്റേണിറ്റി, എംഎസ്എഫ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI),എസ്.എഫ്.ഐ, എസ്.ഐ.ഒ, ട്രൈബൽ സ്റ്റുഡന്റ്സ് ഫോറം (ടി.എസ്.എഫ്), യു.ഒ.എച്ച്.എസ്.യു എന്നി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
എച്ച്.സി.യുവിലെ പി.ച്ച്.ഡി വിദ്യാർഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17 നാണ് ജീവനൊടുക്കിയത്. ‘ഒരാളുടെ വ്യക്തിത്വം അയാളുടെ സ്വത്വം മാത്രമായി ചുരുങ്ങുന്നത് എന്തൊരു ദൗർഭാഗ്യകരമായ അവസ്ഥയാണ്. എന്റെ ജനനം തന്നെയാണ് ഏറ്റവും വലിയ തെറ്റ്’ എന്നെഴുതിവെച്ചാണ് രോഹിത് വെമുല ജീവനൊടുക്കിയത്. തുടർന്ന് രാജ്യത്ത് വലിയ തോതിൽ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.
രോഹിതിന്റെ പിതാവ് മണി കുമാര്‍ വഡ്ഡേര സമുദായത്തിൽ പെട്ടയാളാണ്, രാധികയുടെ ദലിത് വ്യക്തിത്വം കണ്ടെത്തിയതിനെ തുടർന്ന് അവരെയും മക്കളെയും ഉപേക്ഷിച്ചു. പഠനത്തേക്കാൾ കാമ്പസിലെ വിദ്യാർഥി രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതൽ ഇടപെട്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 2016 ജനുവരിയിലാണ് ഗവേഷകവിദ്യാർഥിയായ രോഹിതിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഐപിസി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), എസ്സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ മരണത്തിന് കാരണം രോഹിത് വെമുലയുടെ ജാതിയല്ല എന്ന നിഗമനത്തിലേക്കാണ് പൊലീസ് റിപ്പോർട്ട് ഊന്നൽ നൽകുന്നത്.സ്വന്തമായി നിരവധി പ്രശ്നങ്ങള്‍ ഉള്ളതിനാലും ഭൗതിക കാര്യങ്ങളില്‍ തൃപ്തനല്ലാത്തതിനാലുമാണ് രോഹിത് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
ആത്മഹത്യയിലേക്ക് നയിക്കുന്ന ഏതെങ്കിലും സാഹചര്യമോ, രേഖകളോ ലഭ്യമല്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രോഹിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വെസ് ചാൻസലർ അപ്പാ റാവു, വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി , ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ടവ എ.ബി.വി.പി നേതാക്കൾ എന്നിവരെ വെറുതെ വിടണമെന്നും പൊലീസിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. കോടതി കേസ് പരിഗണിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ നേതാക്കളും അറിയിച്ചു.
തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് നാല് മാസത്തിന് ശേഷമാണ് റിപ്പോർട്ട് വരുന്നത്. തെലങ്കാനയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതേസമയം, പൊലീസിന്റെ റിപ്പോർട്ടിനോട് തെലങ്കാന കോൺഗ്രസോ കേന്ദ്ര നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി രോഹിതിന്റെ അമ്മ രാധിക വെമുലയെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു.