India
haryana bjp
India

ഹരിയാനയില്‍ കൊഴിഞ്ഞു കൊഴിഞ്ഞ് ബിജെപി; മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ് ആം ആദ്മിയില്‍

Web Desk
|
11 Sep 2024 3:39 AM GMT

രണ്ടാം പട്ടികയില്‍ ഏഴ് സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയിരുന്നു

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശിവ് കുമാർ മെഹ്തയും പാർട്ടി വക്താവ് സത്യവ്രത് ശാസ്ത്രിയും രാജി വച്ചു. സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് രാജി. രണ്ടാം പട്ടികയില്‍ ഏഴ് സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയിരുന്നു. രണ്ട് മന്ത്രിമാരും ഇടംപിടിച്ചില്ല.

മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം തലവനുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ്ങും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിങ്ങിന്‍റെയും രാജി. പാര്‍ട്ടി വിട്ട സിങ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സിങ്ങിനോടൊപ്പം തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് അംഗവും നടന്‍ രാജ് കുമാറിന്‍റെ ഭാര്യാസഹോദരനുമായ സുനില്‍ റാവുവും ബിജെപി വിട്ട് എഎപിയിലേക്ക് ചേക്കേറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടി അവഗണിച്ചതില്‍ മനംനൊന്താണ് രാജിവയ്ക്കുന്നതെന്നായിരുന്നു വിശദീകരണം. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും പ്രദേശത്തിൻ്റെ പ്രശ്നങ്ങൾ നിയമസഭയിലും ലോക്‌സഭയിലും ഉന്നയിക്കണമെന്നും ഹിസാറിലെ ജനങ്ങൾ തന്നെ ആഗ്രഹിക്കുന്നുവെന്നും എന്നാൽ പാർട്ടി തനിക്ക് ലോക്‌സഭയിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ടിക്കറ്റ് നൽകിയില്ലെന്നും ഛത്തര്‍പാല്‍ രാജിക്കത്തില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പഴയ പെൻഷൻ പദ്ധതിയെ താൻ എതിർക്കുകയും കർഷകരുടെയും ഗുസ്തിക്കാരുടെയും പ്രതിഷേധങ്ങളെ പിന്തുണച്ചിരുന്നതായും സിങ് കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ ഉന്നയിച്ചപ്പോഴും എന്നെ മാറ്റിനിർത്തുകയായിരുന്നുവെന്നും സിങ് ആരോപിക്കുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവായ ഛത്തര്‍പാല്‍ 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്. സുനില്‍ റാവു രേവാരി ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റും ദേശീയ എക്‌സിക്യൂട്ടീവിൽ കിസാൻ മോർച്ചയുടെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന കൺവീനറുമായിരുന്നു. മറ്റൊരു ബിജെപി നേതാവും മുൻ റെവാരി സില പരിഷത്ത് ചെയർമാനുമായ സതീഷ് യാദവും കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ബിജെപി വിട്ട നേതാക്കളെ എഎപിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിംഗ്, സംസ്ഥാന അധ്യക്ഷൻ സുശീൽ ഗുപ്ത എന്നിവര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആം ആദ്മി പാർട്ടി തുടർച്ചയായി വളരുകയാണെന്നും ഏകാധിപത്യ ബിജെപി സർക്കാരിനെ പിഴുതെറിയാൻ ഹരിയാനയിലെ ജനങ്ങൾ തയ്യാറാകേണ്ട സമയമാണിതെന്നും സുശീൽ ഗുപ്ത പറഞ്ഞു.

അതേസമയം, 11 സ്ഥാനാർഥികളെ കൂടി ഉൾപ്പെടുത്തി എഎപി മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം പാർട്ടി ഒമ്പത് സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കിയിരുന്നു. ഹരിയാന ആം ആദ്മി അധ്യക്ഷൻ സുശീൽ ഗുപ്ത രണ്ട് ലിസ്റ്റുകളിലും ഇടംപിടിച്ചില്ല. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് എഎപിയുടെ 20 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തിങ്കളാഴ്ച പുറത്തുവിട്ടത്. 90 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഭൂപിന്ദര്‍ സിങ് ഹൂഡക്കെതിരെ പ്രവീണ്‍ ഗുസ്ഖാനിയെയാണ് ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തിൽ എഎപി രംഗത്തിറക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഒക്ടോബര്‍ 5നാണ് തെരഞ്ഞെടുപ്പ്.

Similar Posts