ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസം; വിദഗ്ധസംഘം പരിശോധന നടത്തുന്നു
|ഏകദേശം 809ൽ കൂടുതൽ വീടുകൾക്ക് ജോഷിമഠിൽ തന്നെ വിള്ളലുകൾ വീണിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.
ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസം സംബന്ധിച്ച് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. വീടുകൾ ഉൾപ്പെടെ 723 കെട്ടിടങ്ങളാണ് ഇതുവരെ തകർന്നത്. ഇതിൽ 131 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഏകദേശം 809ൽ കൂടുതൽ വീടുകൾക്ക് ജോഷിമഠിൽ തന്നെ വിള്ളലുകൾ വീണിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം വീടുകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. 80 ശതമാനത്തിൽ കൂടുതൽ വിള്ളലുകളുണ്ടായ മലാരി ഇന്നെന്ന ഹോട്ടൽ പൊളിച്ചുനീക്കാനെത്തിയപ്പോൾ ഉടമയും ബന്ധുക്കളും ഹോട്ടലിന് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇന്ന് ജില്ലാ കലക്ടർ കെട്ടിട ഉടമകളുമായി ചർച്ച നടത്തും.
നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രസർക്കാറാണ് അന്തിമ തീരുമാനം എടുക്കേണ്ടത് എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രവുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് സംസ്ഥാന സർക്കാർ ജനങ്ങളെ അറിയിച്ചിട്ടുള്ളത്.