ജോഷിമഠിലെ മലാരി ഇൻ ഹോട്ടൽ ഇന്ന് മുതൽ പൊളിച്ചു തുടങ്ങും
|മലാരി ഇന്നിന് ശേഷം ഹോട്ടൽ മൗണ്ട് വ്യൂവും പൊളിക്കും
ന്യൂഡല്ഹി: വിള്ളൽ വീണ് തകർന്ന ജോഷിമഠിലെ മലാരി ഇൻ ഹോട്ടൽ ഇന്ന് മുതൽ പൊളിച്ചു തുടങ്ങും. ഒരാഴ്ച കൊണ്ട് ഹോട്ടൽ പൂർണമായും പൊളിക്കാനാണ് ദേശീയ ദുരന്ത നിവാരണ സേന തീരുമാനിച്ചിരിക്കുന്നത്. മലാരി ഇന്നിന് ശേഷം ഹോട്ടൽ മൗണ്ട് വ്യൂവും പൊളിക്കും. ഇതുവരെ 169 കുടുംബങ്ങളെ ജോഷിമഠിൽ നിന്ന് മാറ്റി പാർപ്പിച്ചു.
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഏറ്റവും കൂടുതൽ വിള്ളൽ വീണ് ചരിഞ്ഞുപോയ ഹോട്ടലുകളാണ് മലാരി ഇന്നിമും ഹോട്ടൽ മൗണ്ട് വ്യൂവും. ഇരു ഹോട്ടലുകൾക്കും പിറകിലായി നിറവധി വീടുകളും ഉണ്ട്. ഹോട്ടൽ എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് സർക്കാർ നിർദേശത്തെ തുടർന്ന് രണ്ട് ദിവസം മുമ്പ് എന്.ഡി.ആര്.എഫും എസ്.ഡി.ആര്.എഫും സ്ഥലത്തത്ത് എത്തിയെങ്കിലും ഹോട്ടൽ ഉടമയുടെയും നാട്ടുകാരുടെയും പ്രതിഷേധം മൂലം പൊളിക്കാൻ സാധിച്ചിരുന്നില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം.
ഇന്നലെ ഹോട്ടൽ ഉടമകളുമായി നടന്ന ചർച്ചയിലാണ് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയത്. ഇതോടെയാണ് ഹോട്ടൽ പൊളിക്കാൻ സമ്മതിച്ചതായി ചമോലി ജില്ലാ കലക്ടർ ഹിമാൻഷു ഖുറാന പറഞ്ഞു. ദുരിതബാധിതർക്കുള്ള പുനരധിവാസ പാക്കേജിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു ജില്ലാതല കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
73 കുടുംബങ്ങൾക്ക് അത്യാവശ്യ ചെലവിനായി 5000 രൂപ വീതം നൽകിയതായും ഉത്തരാഖണ്ഡ് ദുരന്ത നിവാരണ സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ പറഞ്ഞു. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ആർമി ഹെലികോപ്റ്ററും സൈനിക വിഭാഗവും സജ്ജമാണേന്നും സിൻഹ പറഞ്ഞു. 25-ലേറെ സൈനിക കെട്ടിടങ്ങളിലും വിള്ളൽ കണ്ടെത്തി. കെട്ടിടങ്ങളിൽ നിന്ന് സൈനികരെ മാറ്റിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനികരെയാണ് മാറ്റിയതെന്ന് സൈനിക മേധാവി മനോജ് അറിയിച്ചു.