'ജോഷിമഠിലെ ഭൂമിയിടിയലിന് കാരണം തുരങ്ക നിർമാണമല്ല'; വിശദീകരണവുമായി നാഷണൽ തെർമൽ പവർ കോർപറേഷൻ
|ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള തുരങ്കം ജോഷിമഠത്തിലൂടെ കടന്നുപോകുന്നില്ലെന്ന് എൻ.ടി.പി.സി
ന്യൂഡൽഹി: ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ വിശദീകരണവുമായി നാഷണൽ തെർമൽ പവർ കോർപറേഷൻ. ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള തുരങ്കം ജോഷിമഠത്തിലൂടെ കടന്നുപോകുന്നില്ലെന്നും തുരങ്കത്തിന്റെ നിർമ്മാണം മൂലം ഭൂമിയിടിയാൻ സാധ്യതയില്ലെന്നും എൻ.ടി.പി.സി വിശദീകരിച്ചു. ജോഷിമഠിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള തുരങ്കത്തിനാണ് സ്ഫോടനം നടത്തുന്നത്. 12 കിലോമീറ്റർ തുരങ്കത്തിന് നാല് കിലോമീറ്റർ മാത്രമാണ് സ്ഫോടനം നടത്തുന്നതെന്നും എൻ.ടി.പി.സി ചീഫ് ജനറൽ മാനേജർ ആർ.പി അഹിർവാർ പറഞ്ഞു.ബാക്കിയുള്ള സ്ഥലങ്ങളിലൊവിവപമ സ്ഫോടനം നടത്താതെയാണ് തുരങ്കം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികളുടെ ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്നും ഇത് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജനറൽ മാനേജർ വ്യക്തമാക്കി.
വിള്ളലുകളുടെ പ്രധാന കാരണം എൻ.ടി.പി.സിയുടെ തുരങ്ക നിർമ്മാണമാണെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. ഈ ആരോപണം പുറത്തുവന്നപ്പോൾ തന്നെ എൻ.ടി.പി.സി ഇതെല്ലാം നിഷേധിച്ചിരുന്നു.
അതേസമയം, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയോഗിച്ച സമിതികളോട് എത്രയും വേഗം ഇതിന്റെ പഠന റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പരമാവധി പത്ത് ദിവസത്തിനകം തന്നെ റിപ്പോർട്ട് നൽകാനാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. ജോഷിമഠിന്റെ സമീപപ്രദേശങ്ങളിലെയും നിർമ്മാണ പ്രവർത്തനങ്ങളെല്ലാംസംസ്ഥാന സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്.