അദാനിക്കെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് ശരിവെക്കുന്ന തെളിവുകളാണ് ഒസിസിആർപി പുറത്തു വിട്ടത്: മാധ്യമപ്രവർത്തകൻ രവി നായർ
|ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടിനേക്കാൾ കൂടുതൽ തെളിവുകളാണ് ഒസിസിആർപിക്ക് കിട്ടിയതെന്നും ഒസിസിആർപി അംഗം രവി നായർ മീഡിയവണിനോട് പറഞ്ഞു.
അദാനിയുടെ വിദേശ നിക്ഷേപത്തിൽ ഹിൻഡൻബർഗ് റിപ്പോർട്ട് ശരിവെക്കുന്ന തരത്തിലുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നതെന്ന് അന്വേഷണാത്മക മാധ്യമപ്രവർത്തക കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർ്ട്ടിങ് പ്രൊജക്ട് (ഒസിസിആർപി) അംഗം രവി നായർ. ഹിൻഡൻബർഗ് റിപ്പോർട്ട് അനുമാനം മാത്രമായിരുന്നു. മാത്രമല്ല ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടിനേക്കാൾ കൂടുതൽ തെളിവുകളാണ് കിട്ടിയതെന്നും രവി നായർ മീഡിയവണിനോട് പറഞ്ഞു.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിക്ക് ഷെൽ കമ്പനികൾ ഉണ്ടെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ കാണിച്ചിരുന്നു. വിനോദ് അദാനി ക്രമക്കേടിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള ശക്തമായ തെളിവുകളും ഒസിസിആർപിയുടെ റിപ്പോർട്ടിലുണ്ട്. വിനോദ് അദാനിയുമായി അടുത്ത ബന്ധമുള്ള യുഎഇ പൗരൻ നാസർ അലി ഷബാൻ അഹ്‌ലിയുടെയും തായ്‌വാനി പൗരൻ ചാങ് ചുങ് ലിങിന്റെയും കമ്പനികളാണ് അദാനി ഗ്രൂപ്പ് ഓഹരികൾ കൈവശപ്പെടുത്തിയത്.
വിനോദ് അദാനിയുടെ അടുത്ത ബന്ധമുള്ളവരുടെ പേരിലുള്ള ഓഫ്‌ഷോർ കമ്പനികളിലൂടെയാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കോടിക്കണക്കിന് ഡോളറുകൾ എത്തിയിരിക്കുന്നത്. കൂടാതെ വിനോദ് അദാനി എന്നൊരാൾ നിയന്ത്രിക്കുന്ന ദുബായ് കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണ് അദാനി ഗ്രൂപ്പിന്റെ സ്റ്റോക്കുകളിൽ നിക്ഷേപം നടത്തിയ രണ്ട് മൗറീഷ്യസ് കമ്പനികളുടെ മേൽനോട്ടം വഹിച്ചതെന്നും ഒസിസിആർപി റിപ്പോർട്ടിൽ പറയുന്നു.