India
ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടിന് തീയിട്ട സംഭവം; ത്വരിതാന്വേഷണം നടത്തി കുറ്റവാളികളെ പിടിക്കണമെന്ന് സി.പി.ജെ ആവശ്യപ്പെട്ടു
India

ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടിന് തീയിട്ട സംഭവം; ത്വരിതാന്വേഷണം നടത്തി കുറ്റവാളികളെ പിടിക്കണമെന്ന് സി.പി.ജെ ആവശ്യപ്പെട്ടു

Web Desk
|
8 Sep 2023 4:30 PM GMT

മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് സി.പി.ജെ (കമ്മറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്)

ന്യൂഡൽഹി: ഡൽഹിയിൽ മാധ്യമപ്രവർത്തകരായ ഖുശുബു അക്തറിന്റെയും സഹോദരൻ നദീം അക്തറിന്റെയും വീടിന് തീയിട്ട സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കുറ്റവാളികളെ പിടിക്കണമെന്ന് സി.പി.ജെ (കമ്മറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്) ആവശ്യപ്പെട്ടു. ഇതുകൂടാതെ ഇവർക്കെതിരെ ഉയർന്നിട്ടുള്ള വധഭീഷണിയിലും ബലാത്സംഗ ഭീഷണിയിലും നിക്ഷ്പക്ഷമായി നടപടിയെടുക്കണമെന്നും സി.പി.ജെ കൂട്ടിച്ചേർത്തു. മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് സി.പി.ജെ.

'മാധ്യമ പ്രവർത്തകരായ ഖുശുബുവിന്റെയും നദീം അക്തറിന്റെയും വീടിന് നേരയുണ്ടായ ആക്രമണത്തിൽ ഡൽഹി പൊലീസ് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ പിടികൂടുകയും വേണം' സി.പി.ജെയുടെ ഇന്ത്യൻ പ്രതിനിധി കുനാൽ മജുംദർ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് നേരെ ഉയരുന്ന പ്രതികാര നടപടി ഭയാനകമാണ്. അക്രമമോ പ്രതികാരമോ ഭയപ്പെടാതെ ഖുശ്ബുവിനേയും നദീം അക്തറിനേയും റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്നും കുനാൽ മജുംദർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഓഗസ്റ്റ് 30ന് പുലർച്ചെയാണ് ഡൽഹിയിലെ സുൽത്താൻ പുരിയിലെ ഇവരുടെ വീടിന് അക്രമികൾ തീയിട്ടത്. മുസ്‌ലിംകളും ദുർബലരായ ജാതിവിഭാഗങ്ങളും കർഷകരും ആദിവാസികളും ഉൾപ്പടെയുള്ള പ്രാതിനിധ്യമില്ലാത്ത ഗ്രൂപ്പുകൾ നേരിടുന്ന വെല്ലുവിളികളെ വിമർശനാത്മകമായി തങ്ങളുടെ ഉടമസ്ഥയിലുള്ള 'പൽ പാൽ ന്യൂസ്' റിപ്പോർട്ട് ചെയതതിനുള്ള പ്രതികാരമാണ് വീട് കത്തിക്കുന്നതിലേക്ക് നയിച്ചതെന്ന് കുശുബു സി.പി.ജെയോട് പറഞ്ഞു. കഴിഞ്ഞ വർഷം ഇവർ കുടുംബത്തോടൊപ്പം മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ മൂന്നാം നിലയിൽ പുക ഉയരുന്നത് കണ്ട് ഇവരെ അയൽവാസികൾ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഇവർ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും വീട് പൂർണമായി കത്തി നശിച്ചിരുന്നു.

https://cpj.org/2023/09/delhi-home-of-indian-journalists-khushboo-and-nadeem-akhtar-set-ablaze/

Related Tags :
Similar Posts