മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യ പ്രകടനം
|പ്രതി മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ ഖബറിനരികിൽ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്
ചണ്ഡിഗഢ്: കാലിക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയെ പിന്തുണച്ച് പരസ്യ പ്രകടനം. ജുനൈദ്, നസീർ എന്നിവരുടെ കൊലപാതകത്തിൽ പ്രതിയായ ബജ്രങ്ദൾ നേതാവ് മോനു മനേസറിന് ഐക്യദാർഢ്യവുമായാണ് പ്രകടനം നടന്നത്.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് മുഖ്യപ്രതിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചുള്ള റാലി നടന്നത്. ബജ്രങ്ദൾ, വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) തുടങ്ങിയ തീവ്ര ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനു പേർ പ്രകടനത്തിന്റെ ഭാഗമായിരുന്നു.
അതിനിടെ, മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ ഖബറിനരികിൽ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിൽ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. എല്ലാ പ്രതികളെയും പിടികൂടുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കൾ പറഞ്ഞു.
'ജീവനോടെ പൊലീസ് സ്റ്റേഷനിലെത്തിച്ചു; കേസെടുത്തില്ല'
കൊല്ലപ്പെട്ട രണ്ടുപേരെയും ജീവനോടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നുവെന്ന് പിടിയിലായ പ്രതി റിങ്കു സൈനി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. കാലിക്കടത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ലെന്നും റിങ്കു നൽകിയ മൊഴിയിലുണ്ട്. ടാക്സി ഡ്രൈവറാണ് റിങ്കു.
കൊല്ലപ്പെട്ട ജുനൈദിനെയും നസീറിനെയും മർദിച്ച് ഗുരുതരാവസ്ഥയിലാക്കിയാണ് ഫിറോസ്പൂർ ജിക്കയിലുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്നാണ് റിങ്കുവിന്റെ മൊഴി. പാതിജീവനുള്ള ഇവരെ കാലിക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്താൽ അത് തങ്ങളുടെ തലയിലാകുമെന്ന് പൊലീസ് ഭയന്നു. തുടർന്ന് ഇവരെ കൊണ്ടുപോകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയതിന് പിന്നാലെ നസീറും ജുനൈദും മരിച്ചു. പിന്നീട് ഇരുവരെയും വാഹനത്തിൽ കയറ്റി 200 കിലോമീറ്റർ അകലെയുള്ള ഭിവാനിയിലെത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മൃതദേഹങ്ങളും വാഹനവും പെട്രോളൊഴിച്ച് കത്തിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ദൂരെയുള്ള സ്ഥലത്ത് മൃതദേഹങ്ങളും വാഹനങ്ങളും കത്തിച്ചാൽ അന്വേഷണം തങ്ങുടെ നേരെ തിരിയില്ലെന്ന് കരുതിയതായി പൊലീസ് പറഞ്ഞു. എന്നാൽ, ബൊലേറോയുടെ നമ്പറിൽനിന്നാണ് ജുനൈദിനെയും നസീറിനെയും തിരിച്ചറിഞ്ഞത്. ഈ സംഭവത്തിൽ ഹരിയാന പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Summary: Bajrang Dal and Vishwa Hindu Parishad (VHP) marched in support of Monu Manesar, who is accused in Junaid-Nasir Lynching case, at Gurugram, Haryana