India
മുസ്‌ലിമല്ലെങ്കിൽ അവനിന്നും ജീവിച്ചിരുന്നേനെ; കണ്ണീർ തോരാതെ, ആൾക്കൂട്ടം കൊന്ന ജുനൈദിന്റെ മാതാവ്
India

'മുസ്‌ലിമല്ലെങ്കിൽ അവനിന്നും ജീവിച്ചിരുന്നേനെ'; കണ്ണീർ തോരാതെ, ആൾക്കൂട്ടം കൊന്ന ജുനൈദിന്റെ മാതാവ്

Web Desk
|
22 Jun 2022 2:47 PM GMT

2018 ഫെബ്രുവരിയിൽ സുപ്രിംകോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ച ശേഷം കേസിൽ തുടർനടപടികൾ നടന്നിട്ടില്ല

ട്രെയിൻ യാത്രക്കിടെ ഒരു സംഘം ഹിന്ദുത്വ വാദികൾ മകനെ കൊലപ്പെടുത്തിയതിന്റെ അഞ്ചാം വാർഷികത്തിലും കണ്ണീർ തോരാതെ ജുനൈദ് ഖാന്റെ മാതാവ് സൈറാ ബാനു. 'എന്റെ മകൻ തൊപ്പി ധരിച്ചത് കൊണ്ടും മുസ്‌ലിമായത് കൊണ്ടുമാണ് കൊല്ലപ്പെട്ടത്. അവൻ മുസ്‌ലിമായിരുന്നില്ലെങ്കിൽ, തൊപ്പി ധരിച്ചിരുന്നില്ലെങ്കിൽ ഇന്നും ജീവിച്ചിരുന്നേനെ'' ഡൽഹിയിൽ നിന്ന് ഹരിയാന അതിർത്തിയിലെ ഗ്രാമമായ വല്ലഭ്ഗഡിലെ തന്റെ വീട്ടിലേക്ക് പോകാൻ ട്രെയിനിൽ യാത്ര ചെയ്യവേ കൊലക്കത്തിക്ക് ഇരയായ ജുനൈദ് എന്ന പതിനാറുകാരന്റെ മാതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

''അവർ എന്റെ മകനെ പാകിസ്താനിയെന്നും തീവ്രവാദിയെന്നും വിളിച്ചു. ഒരു കുട്ടിയോട് ഇങ്ങനെ പറയാൻ അവർക്കെങ്ങനെ സാധിക്കുന്നു. അവനന്ന് 16 വയസ്സ് മാത്രമായിരുന്നു' സൈറാബാനു ചോദിച്ചു. ജുനൈദ് തനിച്ചും കുടുംബത്തിനൊപ്പവും നിൽക്കുന്ന ഫോട്ടോ ലാമിനേഷൻ ചെയ്തു സൂക്ഷിച്ചിരിക്കുകയാണ് ഇവർ. മകൻ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പ് ഡൽഹി ജമാ മസ്ജിദിനരികിൽ നിന്നെടുത്തതാണ് ഈ ഫോട്ടോയിലൊന്ന്. മകൻ കൊല്ലപ്പെട്ട ശേഷമുള്ള അഞ്ചു വർഷവും ഇവർ മാധ്യമങ്ങളിലൂടെ ശബ്ദിച്ചു കൊണ്ടിരിക്കുകയാണ്. ജുനൈദിന്റെ കൊലപാതകത്തെ തുടർന്ന് 'നോട്ട് ഇൻ മൈ നെയിം' പ്രതിഷേധം രാജ്യത്തുടനീളം നടന്നിരുന്നു.



കേസിന്റെ അവസ്ഥയെന്ത്?

16കാരനായ ജുനൈദിനെ കൊലപ്പെടുത്തിയ കേസിൽ ആറുപേരാണ് പ്രതികളായുണ്ടായിരുന്നത്. നരേഷ് കുമാർ, രമേഷ് കുമാർ, രാമേശ്വർ ദാസ്, പർദീപ് കുമാർ, ചാന്ദർ പർകാഷ്, ഗൗരവ് ശർമ എന്നിവരിൽ രണ്ടുപേർക്കെതിരെ മാത്രമാണ് കൊലക്കുറ്റം ചുമത്തിയിരുന്നത്. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ഹെൽത്ത് ഇൻസ്‌പെക്ടറായ രാമേശ്വർ ദാസി(53)നും നരേഷ് കുമാറി(26)നുമെതിരെയാണ് കൊലക്കുറ്റം. ബാക്കിയുള്ളവർക്കെതിരെയും കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

''കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയെ ഇവർ സമീപിച്ചിരുന്നു. എന്നാൽ കോടതിയുടെ അധികാര പരിധിയിൽ പെടാത്തതിനാൽ ഹരജി തള്ളി. പിന്നീട് സുപ്രിംകോടതിയെ സമീപിച്ചു' ജുനൈദിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ നിബ്രാസ് അഹമ്മദ് വ്യക്തമാക്കി. 2018 ഫെബ്രുവരിയിൽ സുപ്രിംകോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ച ശേഷം തുടർനടപടികൾ നടന്നിട്ടില്ല. ആൾക്കൂട്ട കൊലപാതകങ്ങളെല്ലാം ഒന്നായി പരിഗണിക്കുന്നതിനാൽ സുപ്രിംകോടതിയിൽ അടുത്ത ജൂലൈയിൽ കേസ് കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്ന് നടന്നത്?

2017 ജൂൺ 22ന് ഹരിയാന വല്ലഭ്ഗഡിലെ ഖാൻദ്‌വാലി ഗ്രാമത്തിലെ വീട്ടിൽ സൂര്യനുദിക്കും മുമ്പേ ജൂനൈദ് ഖാൻ എഴുന്നേറ്റു. ഇസ്തിരിയിട്ട ജീൻസും ഷർട്ടും ധരിച്ച് 1500 രൂപയുമായി ഈ 16 കാരൻ വീട്ടിൽ നിന്നിറങ്ങി. ഖുർആൻ മനഃപാഠമാക്കിയതിന് മാതാവ് സമ്മാനമായി നൽകിയ തുകക്ക് പെരുന്നാൾ കോടി വാങ്ങാനായിരുന്നു യാത്ര. മുതിർന്ന സഹോദരൻ ഹാഷിമിനും സുഹൃത്തുക്കളായ മോയിനും മൊഹ്‌സിനുമൊപ്പം ഡൽഹിയിലേക്കുള്ള ലോക്കൽ ട്രെയിൻ കയറി. അന്ന് വൈകീട്ട് മാതാപിതാക്കളായ സൈറക്കും ജലാലുദ്ദീനും സഹോദരങ്ങൾക്കുമൊപ്പം ജുനൈദ് എത്തേണ്ടതായിരുന്നു. എന്നാൽ ഒട്ടും കേൾക്കാനിഷ്ടപ്പെടാത്ത വാർത്തയാണ് അന്ന് വൈകീട്ട് കുടുംബത്തെ തേടിയെത്തിയത്.

സാധനങ്ങൾ വാങ്ങി ജുനൈദും സഹോദരനും ഡൽഹിയിലെ സദർ ബസാറിൽ നിന്ന് തിരിച്ച് നാട്ടിലേക്കുള്ള ട്രെയിൻ കയറി. മഥുരയിലേക്കുള്ള ഈ ശകുർബസ്തി - പൽവൽ പാസ്സഞ്ചറിൽ വെച്ച് ഒരു സംഘം ഹാഷിമിനെയും ജുനൈദിനെയും ആക്രമിക്കുകയായിരുന്നു. സീറ്റു തർക്കത്തിൽ തുടങ്ങിയ ആക്രമണം കൊലപാതകത്തിലാണ് അവസാനിച്ചത്. അസാവ്ത്തി സ്‌റ്റേഷനിൽ എത്തിയതോടെ ആക്രമണം നടത്തിയ സംഘം ഈ സഹോദരങ്ങളെയും സുഹൃത്തുക്കളെയും പുറത്തേക്ക് തള്ളിവിട്ടു. ജുനൈദ് ചോര വാർന്ന് മരിച്ച നിലയിലായിരുന്നു. നിസ്സഹയനായ സഹോദരൻ ഹാഷിമിന്റെ മടിയിൽ കിടക്കുന്ന ജുനൈദിന്റെ ചിത്രം ഏറെ പ്രചരിച്ചിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് ശേഷം കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു. 2018 ഒക്ടോബറോടെ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങി.

ജുനൈദ് ഉൾപ്പെടെ സൈറ ബാനുവിന്റെ എട്ടുമക്കളിൽ ഏഴുമക്കളും ഖുർആൻ മനഃപാഠമാക്കിയവരാണ്. ജുനൈദിന്റെ പേരിൽ പെൺകുട്ടികൾക്ക് ഖുർആൻ പഠിക്കാനുള്ള മദ്രസയെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്.

വിവരങ്ങൾക്കും ചിത്രത്തിനും 'ദി ക്വിൻറി'നോട് കടപ്പാട്‌

Junaid was killed because he was a Muslim: mother Saira Banu

Similar Posts