India
kolkata strike
India

‘ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണം’; പശ്ചിമ ബംഗാളില്‍ വീണ്ടും ജൂനിയര്‍ ഡോക്ടർമാരുടെ സമരം

Web Desk
|
5 Oct 2024 9:17 AM GMT

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് സമരക്കാർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും കുത്തിയിരിപ്പ് സമരവുമായി ജൂനിയർ ഡോക്ടർമാർ. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി തേടി നടത്തിയ റാലിക്കിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നാരോപിച്ചായിരുന്നു സമരം. സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച വൈകുന്നേരം മുതൽ രാത്രി മുഴുവന്‍ കുത്തിയിരിപ്പ് സമരം നടത്തി.

വെള്ളിയാഴ്ച രാത്രി 8.30ഓടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ജൂനിയര്‍ ഡോക്ടര്‍മാരുടെ സമ്പൂർണ പണിമുടക്ക് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും കുത്തിയിരിപ്പ് സമരം നടത്തിയത്.

24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് സമരക്കാർ വ്യക്തമാക്കി. പൊലീസിന്റെ ലാത്തിച്ചാർജിലും അധിക്ഷേപ വാക്കുകളിലും മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മരിച്ച വനിതാ ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കുന്നത് തങ്ങളുടെ മുന്‍ഗണനയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാന ആരോഗ്യ സെക്രട്ടറി എന്‍.എസ്. നിഗമിനെ ഉടന്‍ നീക്കണമെന്നും ആരോഗ്യവകുപ്പിലെ ഭരണപരമായ കഴിവില്ലായ്മയുടെയും അഴിമതിയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കുമായി കേന്ദ്രീകൃത റഫറൽ സംവിധാനം സ്ഥാപിക്കുക, ബെഡ് ഒഴിവുകൾ മനസ്സിലാക്കാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനം നടപ്പാക്കുക, സിസിടിവി, ഓൺ-കോൾ റൂമുകൾ, ശുചിമുറുകൾ എന്നിവയടക്കമുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ ടാസ്ക് ഫോഴ്സുകളുടെ രൂപീകരണം എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.

ആശുപത്രികളിൽ പൊലീസ് സംരക്ഷണം വർധിപ്പിക്കുക, സ്ഥിരം വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക, ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഒഴിവുകൾ വേഗത്തിൽ നികത്തുക, എല്ലാ മെഡിക്കൽ കോളജുകളിലും വിദ്യാർത്ഥി കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, എല്ലാ കോളജുകളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനെ (ആർഡിഎ) അംഗീകരിക്കുക, മെഡിക്കൽ കോളജുകളും ആശുപത്രികളും കൈകാര്യം ചെയ്യുന്ന എല്ലാ കമ്മിറ്റികളിലും വിദ്യാർഥികളുടെയും ജൂനിയർ ഡോക്ടർമാരുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലിലും (ഡബ്ല്യുബിഎംസി) പശ്ചിമ ബംഗാൾ ഹെൽത്ത് റിക്രൂട്ട്മെന്റ് ബോർഡിലും നടന്ന അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് ഉടൻ അന്വേഷണം നടത്തണമെന്നും ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെട്ടു.

Similar Posts